ആലപ്പുഴ തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍. തീരത്തെ കരിമണൽ നീക്കാൻ ഐആർഇ ഉപകരാറും നൽകും. ഇത് സ്വകാര്യ കരിമണൽ കമ്പനികൾക്ക് സഹായകരമാകുമെന്ന് ആക്ഷേപമുണ്ട്.

1954 മുതൽ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന്റെ ചുമതല വഹിച്ചിരുന്നത് ജലവിഭവ വകുപ്പാണ്. കുട്ടനാട്ടിൽ പ്രളയക്കാലത്തുണ്ടാകുന്ന ജലം ഒഴുക്കികളയുന്നതിനു വേണ്ടിയാണ് തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കുന്നതിനായി മണൽ നീക്കം ചെയ്യുന്നത്.

ജലവിഭവ വകുപ്പ് ചെയ്തിരുന്ന ഈ ജോലി ഇടയ്ക്കുള്ള മൂന്നു വർഷം ഏൽപ്പിച്ചിരുന്നത് സ്വകാര്യ കരിമണൽ കമ്പനികളെയാണ്.കഴിഞ്ഞവർഷം മണൽ വാരുന്നതിനുള്ള അനുമതി നൽകിയിരുന്നത് സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎംഎംഎല്ലിനായിരുന്നു.

ഈ വർഷം ഐആർഇ ലിമിറ്റഡിനാണ് ചുമതല. എന്നാൽ ഐആർഇ ഉപകരാർ നൽകുന്നത് സംസ്ഥാന ഖജനാവിന് ലഭിക്കേണ്ട പണം സ്വകാര്യ കമ്പനികൾക്ക് ലഭിക്കാൻ വഴിയൊരുക്കും എന്നാണ് ആരോപണം. പുതിയ നടപടിയുടെ പശ്ചാത്തലത്തിൽ സമരം ശക്തമാക്കാനാണ് തീരുമാനം.

കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മാത്യു കുഴൽനാടന്റെ നിലപാട് ശരിവയ്ക്കുന്ന തരത്തിലാണ് പുതിയ നീക്കമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *