കൊച്ചി ഓൺലൈൻ- ജെയിൻ യൂണിവേഴ്സിറ്റി റോബോവേഴ്‌സ് വിആർ എക്സ്പോയ്ക്ക് ഇന്ന് തുടക്കം. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ എക്സ്പോ രാവിലെ 9.45ന് ‘ഇന്ത്യയുടെ മിസൈൽ വനിത’ എന്നറിയപ്പെടുന്ന, ഡിആർഡിഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ് ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലെ ഫിൻലൻഡ് കോൺസൽ ജനറൽ എറിക് അഫ് ഹാൾസ്ട്രോം അതിഥിയായിരിക്കും.മനുഷ്യാകാരമുള്ള റോബട്ടുകൾ, നിർമിതബുദ്ധി മെഷീനുകൾ, റോബോ വാർ ഉൾപ്പടെയുള്ള റോബോ ഗെയിമുകൾ, വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ, റോബട്ടിക്സ് ക്ലാസുകൾ, റോബട്ടിക് കരിയർ ഗൈഡൻസ് സെഷനുകൾ, റോബട്ടുകളുടെ ചരിത്രം വിവരിക്കുന്ന സോൺ, റോബട്ടുകൾക്കൊപ്പം ഗെയിം കളിക്കാനുള്ള സോൺ എന്നിവയെല്ലാം റോബോവേഴ്‌സ് വിആർ പ്രദർശനത്തിലുണ്ട്. ഈ മാസം 17 വരെ നടക്കുന്ന എക്സ്പോയിൽ രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ജെയിൻ സർവകലാശാലയുമായി ചേർന്നാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണീക് വേൾഡ് റോബട്ടിക്സ് ആണ് എക്സ്പോയ്ക്കുള്ള സാങ്കേതിക പിന്തുണ നൽകുന്നത്.സാൻബോട്ട് എന്ന റോബട്ടാണ് എക്സ്പോ വേദിയിൽ കാഴ്ചക്കാരെ സ്വീകരിക്കുക. ചോദ്യങ്ങൾക്ക് മറുപടി പറയാനും നൃത്തം ചെയ്യാനുമൊക്കെ ഇതിനാകും. ഫേഷ്യൽ, ഒബ്ജെക്ട് റെക്കഗ്‌നീഷൻ, നൂതന എഐ സാങ്കേതികവിദ്യകൾ, സൂപ്പർ മോഷൻ കൺട്രോൾ സിസ്റ്റം എന്നിവ ഉപയോഗിച്ച് സാൻബോട്ടിന് ഒരു മികച്ച വഴികാട്ടിയാകാനും കഴിയും. വിവിധ ഡ്രോണുകൾ പറത്താനും റോബോവേഴ്സിൽ അവസരമുണ്ട്.
4 റോട്ടറുകളിൽ പറക്കുന്ന ക്വാഡ് കോപ്റ്ററുകൾ, കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന അഗ്രി ഡ്രോൺ, അതിവേഗം തെന്നിപ്പറക്കുന്ന മിനി ഡ്രോൺ, അമ്പരപ്പിക്കുന്ന ഡിജെഐ ഡ്രോൺ, വിഡിയോ ഗെയിമിലെന്നപോലെ പറത്താവുന്ന എഫ്പിവി (ഫസ്റ്റ് പേഴ്‌സൺ വ്യു) ഡ്രോൺ തുടങ്ങിയവ പരിചയപ്പെടാം. ഓട്ടോഗ്രാഫ് ഒപ്പിട്ടു തരികയും അതിവേഗം കഥകൾ എഴുതുകയും ചെയ്യുന്ന റോബട്ടും എക്സ്പോയിലുണ്ട്. ഒരു മേശപ്പുറത്ത് അനായാസം ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന മോഡലാണ് അവതരിപ്പിക്കുക.
കംപ്യൂട്ടറും ടാബും ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാം. എഴുത്തും വരയും മാത്രമല്ല, കൈകളാൽ ചെയ്യാവുന്ന പല ജോലികളും ഈ റോബട് ചെയ്യും. വ്യായാമങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവ് സജ്ജീകരിച്ചിരിക്കുന്ന റോബട്ടാണ് ആൽഫ. വർക്ക്ഔട്ടുകൾക്ക് പ്രോത്സാഹനം ചെയ്യാനായി പ്രോഗ്രാം ചെയ്‌തിരിക്കുന്ന ഈ റോബട്ടിനെയും എക്സ്പോയിൽ കാണാം.
കോഡിങ്ങിന്റെ അടിസ്ഥാന കാര്യങ്ങൾ രസകരമായി പഠിച്ച് ഒരു ചെറിയ റോബട്ടിനെ നയിക്കാൻ എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് അവസരമുണ്ട് റോബോവേഴ്സിലെ വിആർ എക്സ്പീരിയൻസ് സോണിൽ റോളർ കോസ്റ്ററിന്റെ സാഹസികത ആസ്വദിക്കാം. ഒപ്പം മ്യൂസിക്കൽ സെഷനുകളും. 7 വിആർ എക്സ്പീരിയൻസ് ഗെയിമുകളിൽ ടിക്കറ്റെടുത്തും പങ്കെടുക്കാം.
നിരവധി റോബട്ടിക് വാർ ഗെയിമുകളും റേസിങ് ഗെയിമുകളും എക്സ്പോയിലുണ്ട്. കൊച്ചി നഗരത്തിലിറങ്ങി അമ്പരപ്പിച്ചതുപോലുള്ള കുട്ടി റോബട്ടുകളും റോബോ നായ്ക്കളും എക്സ്പോ വേദിയിലുണ്ടാകും.