ടി20 ലോകകപ്പ് 2024 ഗ്രൂപ്പ് മല്‍സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ ഇന്ത്യ അമേരിക്കയെ ഏഴ് വിക്കറ്റിനാണ് കീഴടക്കിയത്.
ക്രിക്കറ്റിലെ ശിശുക്കളായ അമേരിക്കയോട് ജയിച്ചുകയറിയെങ്കിലും ഇന്ത്യയുടെ ബാറ്റിങ് പ്രകടനം നിരാശാജനകമായിരുന്നു. ഓപണര്‍മാരായ സൂപ്പര്‍ താരം വിരാട് കോഹ്‌ലി (Virat Kohli) ഗോള്‍ഡന്‍ ഡക്കായതും ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്ന് റണ്‍സിന് പുറത്തായതും വരും മല്‍സരങ്ങളില്‍ ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.
ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. ഇന്ത്യ 10 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു.
നാല് ഓവറില്‍ ഒമ്പത് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിങിന്റെ ഉജ്വല ബൗളിങാണ് ആതിഥേയരെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 111 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അനായാസം എത്തിപ്പിടിക്കുമെന്ന് കരുതിയെങ്കിലും വിറപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു.ബാറ്റിങ് ദുഷ്‌കരമായ ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. കോഹ് ലി, രോഹിത് എന്നിവര്‍ക്ക് പുറമേ ഋഷഭ് പന്ത് 18 റണ്‍സിന് പുറത്തായപ്പോള്‍ സൂര്യകുമാര്‍ യാദവും (49 പന്തില്‍ 50*) ശിവം ദൂബെ (35 പന്തില്‍ 31*) യുമാണ് ഇന്ത്യയെ വിജയതീരമണച്ചത്.
ടോസ് നേടിയ ഇന്ത്യ അമേരിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. അര്‍ഷ്ദീപ് സിങാണ് ഇന്ത്യക്കായി ആദ്യ സ്‌പെല്‍ എറിഞ്ഞത്. ഒന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഷയാന്‍ ജഹാംഗീര്‍ ആണ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡക്കായത്.ഇതേ ഓവറിലെ ആറാം പന്തില്‍ ആന്‍ഡ്രീസ് ഗൗസിനെയും അര്‍ഷ്ദീപ് പറഞ്ഞയച്ചു. രണ്ട് റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായതോടെ അമേരിക്ക മൂന്ന് റണ്‍സിന് രണ്ടു വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അല്‍പസമയം ചെറുത്തുനിന്ന ഓപണര്‍ സ്റ്റീവന്‍ ടെയ്‌ലറാണ് നാണക്കേടില്‍ നിന്ന് കരകയറ്റിയത്. ടെയ്‌ലര്‍ 30 പന്തില്‍ 24 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ സ്‌കോര്‍ 11.4 ഓവറില്‍ നാലിന് 56 എന്ന നിലയിലായിരുന്നു.നിതീഷ് കുമാറിന്റെ ഇന്നിങ്‌സാണ് സ്‌കോര്‍ 100 കടത്തിയത്. 23 പന്തില്‍ 27 റണ്‍സാണ് അദ്ദേഹം സംഭാവന ചെയ്തത്. സിജെ ആന്‍ഡേഴ്‌സണ്‍ 12 പന്തില്‍ 15 റണ്‍സെടുത്തു. 20 ഓവറില്‍ എട്ട് വിക്കറ്റിന് 110 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിച്ചു
ഇന്ത്യക്കുവേണ്ടി അര്‍ഷ്ദീപ് സിങും ഹാര്‍ദിക് പാണ്ഡ്യയുമാണ് മികച്ച ബൗളിങ് കാഴ്ചവച്ചത്. നാല് ഓവറില്‍ കേവലം ഒമ്പത് റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് നാലു പേരെ പുറത്താക്കിയത്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഹാര്‍ദിക് രണ്ടു വിക്കറ്റെടുത്തു. മുഹമ്മദ് സിറാജും ജസ്പ്രിത് ബുംറയും 4-0-25-0 എന്ന നിലയില്‍ സമാനമായ ബൗളിങ് പ്രകടനമാണ് കാഴ്ചവച്ചത്