കണ്ണൂരെന്ന പാർട്ടിയുടെ ചെങ്കോട്ടയിൽ അവിശ്വസിനീയമായി വോട്ട് കുറഞ്ഞതിന്റെ ഞെട്ടലിൽ സിപിഎം ഇരുട്ടിൽ തപ്പുന്നു. പാർട്ടിയുടെ കരുത്തനായ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സ്ഥാനാർഥിയാക്കിയിട്ടും 2019ൽ എൽഡിഎഫ് സ്ഥാനാർഥിയായ പികെ ശ്രീമതി പിടിച്ച വോട്ടിന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം നടുക്കത്തോടെയാണ് നേതൃത്വം കാണുന്നത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എൽ.ഡി. എഫ് കൺവീനറുമെല്ലാമുളള കണ്ണൂരിൽ അവരുടെ മണ്ഡലങ്ങളിൽ പോലും വൻ വോട്ടുചോർച്ചയാണ് ഉണ്ടായത്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2,12,000 വോട്ടിന്റെ കുറവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. 2021ൽ 8,75,269 വോട്ട് കിട്ടിയപ്പോൾ ഇത്തവണ അത് 6,62,781 ആയി ചുരുങ്ങി. എൽഡിഎഫ് അവരുടെ പാർട്ടി കോട്ടകളിൽ തകർന്നടിഞ്ഞപ്പോൾ ജില്ലയിൽ യുഡിഎഫ് അധികമായി നേടിയത് 1.54 ലക്ഷത്തിന്റെ വോട്ടാണ്.

2021ൽ 6,06,35 വോട്ട് നേടിയ യുഡിഎഫിന് ഇത്തവണ ലഭിച്ചത് 7,60,380 വോട്ടുകളാണ്. ബിജെപി വർധിപ്പിച്ചതാണ് സിപിഎമ്മിനെ നടുക്കുന്ന മറ്റൊരു കാര്യം. പാർട്ടി വോട്ടുകൾ താമര ചിഹ്‌നത്തിൽ പതിയുന്നത് ചരിത്രത്തിൽ ഇല്ലാത്ത സംഭവമാണ്. 60,200 വോട്ടുകളാണ് ബിജെപിക്ക് വർധിച്ചത്. മുഖ്യമന്ത്രിയുടെ ജന്മനാടായ ധർമടത്തു പോലും ബിജെപി വോട്ടുകൾ ഇക്കുറി ഇരട്ടിയായി. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ ബൂത്തുകളിൽനിന്ന് 50 മുതൽ 100 വോട്ടുകൾ വരെയാണ് ചോർച്ചയുണ്ടായത്.

എന്നാൽ പൗരത്വഭേദഗതി നിയമം തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാക്കി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനിറങ്ങിയ എൽഡിഎഫിന് പേരാവൂരിലും ഇരിക്കൂറും തിരിച്ചടിയേറ്റു. തലശേരിയിൽ മാത്രമാണ് എട്ടായിരം വോട്ടിന്റെ ഭൂരിപക്ഷം അവർക്ക് നിലനിർത്താനായത്. ഇത്തരം പ്രവണത ചരിത്രത്തിലാദ്യമാണെന്നും ഈ പ്രത്യേക പ്രതിഭാസത്തെ കുറിച്ചു പാർട്ടി പരിശോധിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ താത്വികമായി പറയുന്നുണ്ടെങ്കിലും വരും ദിനങ്ങളിൽ പരാജയത്തിന്റെ ആഴങ്ങളിൽ ഇറങ്ങിയുളള വിശകലനങ്ങൾ പാർട്ടിക്ക് നടത്തേണ്ടി വന്നേക്കാം.

കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിയിലേക്ക് പോയെന്നാണ് പൊതുവായി കാണുന്നത്. അവർക്ക് 2019ൽ കിട്ടിയ വോട്ടുകൾ ഇത്തവണ കിട്ടിയിട്ടില്ല. എന്നാൽ ഇടതുപക്ഷത്തിന്റെ വോട്ടുകളിലും കുറവുണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ പ്രതിഭാസമെന്ന് പ്രത്യേകമായി കാണേണ്ടതുണ്ട്. അതു ആഴത്തിൽ പരിശോധിക്കുമെന്നും എംവി ജയരാജൻ ചൂണ്ടിക്കാട്ടി.

യുഡിഎഫിന് അനുകൂലമായ ജനവിധിയുണ്ടായെന്നാണ് പാർട്ടിയുടെ പ്രാഥമിക വിലയിരുത്തൽ. എന്തെല്ലാം ഘടകങ്ങളാണ് ഇതിന് ഇടയാക്കിയതെന്ന് വിശദമായ പരിശോധനയിൽ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. വിശദമായ പരിശോധന നടത്തി തിരുത്തേണ്ടവ തിരുത്തിയും പാഠങ്ങൾ പഠിച്ചും ജനങ്ങളെ കൂടുതൽ പാർട്ടിയോടൊപ്പം അണിനിരത്തും. പാർട്ടിയെ കുറിച്ചോ മുന്നണിയെ കുറിച്ചോ സർക്കാരിനെ കുറിച്ചോ ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാനുളള മാർഗങ്ങൾ തേടുമെന്ന് ജയരാജൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *