പരന്ത്രീസ് കോട്ടകളും പറങ്കിക്കോട്ടകളും പരസ്പരം വെടിയുതിർക്കുന്ന പോരാട്ടകാലം ഇതാ വരികയായി. അങ്ങ് യൂറോപ്പിന്റെ മണ്ണിൽ വിസിൽ മുഴങ്ങുകയായി.
വീണ്ടുമൊരു മഹായുദ്ധകാലം ബെർലിൻ തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കാൻ വരികയാണ്. ലോകത്തിന്റെ കണ്ണുകൾ ഇനി ഇവിടേക്കാണ്. അതേ യൂറോപ്പിലെ കൊലകൊമ്പൻമാർ കൊമ്പുകുലുക്കി വരികയാണ്. ഇറ്റലി കിരീടം നിലനിർത്തുമോ? എംബപെയുടെ ബൂട്ടിൽനിന്ന് പിറക്കാനിരിക്കുന്നത് എന്തെല്ലാം ഷോട്ടുകൾ ആയിരിക്കും?
സിആർ സെവൻ ആകാശംമുട്ടുന്ന നീക്കങ്ങളുമായി കളംനിറയുമോ? ജർമനിയാണ് ഇത്തവണ യൂറോക്കപ്പിന്റെ ആതിഥേയർ. മ്യൂണിക്കിൽ ജൂൺ 14ന് (ഇന്ത്യൻ സമയം ജൂൺ 15ന് പുലർച്ചെ 12.30ന്) ആണ് യൂറോ കപ്പിന്റെ കിക്കോഫ്. ആദ്യകളിയിൽ ഗ്രൂപ്പ് എയിൽ ആതിഥേയരായ ജർമനിയും സ്‌കോട്‌ലൻഡുമാണ് ഏറ്റുമുട്ടുക.
ജൂലൈ 14ന് ബെർലിനിലാണ് ഫൈനൽ. ഒന്നുറപ്പാണ്, ഫുട്ബോളിന്റെ മാന്ത്രികതയിൽ യൂറോപ്യൻ മൈതാനങ്ങളിൽ ഇനി തീപ്പൊരി ചിതറും. ആരാകും യൂറോക്കപ്പിൽ മുത്തമിടുന്ന ചക്രവർത്തി?