മ്യൂണിക് ∙ ബയൺ മ്യൂണിക്കിന്റെ മൈതാനത്ത് ബയേർ ലെവർക്യൂസന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ഫ്ലോറിയൻ വിർട്സിന്റെ ബുള്ളറ്റ് ഷോട്ട് ഗോൾ! അലിയാൻസ് അരീനയിൽ ആർത്തിരമ്പിയ ജർമൻ ആരാധകരെ ഒന്നിനു പിന്നാലെ ഒന്നായി ആവേശക്കൊടുമുടിയിലേക്ക് ഗോളടിച്ചുയർത്തി ബയൺ മ്യൂണിക്കിന്റെ ജമാൽ മുസിയാളയും ആർസനലിന്റെ കായ് ഹാവേർട്സും ബൊറൂസിയ ഡോർട്മുണ്ടിന്റെ നിക്ലാസ് ഫുൾക്രൂഗും എമ്രി കാനും! യൂറോ കപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ ജർമനിക്കു സ്കോട്‌ലൻഡിനെതിരെ 5–1 വിജയം.
ഫ്ലോറിയൻ വിർട്സ് (10), ജമാൽ മുസിയാള (19), കായ് ഹാവേർട്സ് (പെനൽറ്റി 45+1), നിക്ലാസ് ഫുൾക്രൂഗ് (68), എമ്രി കാൻ (90+3) എന്നിവരാണു ജർമനിയുടെ ഗോൾചാർട്ടിൽ പേരെഴുതിച്ചേർത്തതെങ്കിലും കളംനിറഞ്ഞതു മറ്റൊരാളാണ്; ഈ യൂറോ കപ്പോടെ പ്രഫഷനൽ ഫുട്ബോളിൽനിന്നു വിരമിക്കുകയാണെന്നു നേരത്തേ പ്രഖ്യാപിച്ച മിഡ്ഫീൽഡർ ടോണി ക്രൂസ്! സ്കോട്‌ലൻഡിനെതിരെ, കോച്ച് ജൂലിയൻ നാഗൽസ്മാന്റെ തന്ത്രങ്ങൾക്ക് അനുസരിച്ച് മധ്യനിരയിൽ കളി നിയന്ത്രിച്ചത് മുൻ റയൽ മഡ്രിഡ് താരം ടോണി ക്രൂസാണ്. ജർമനി നേടിയ ആദ്യ 3 ഗോളുകളിലേക്കു പന്തെത്തിയത് ക്രൂസ് നെയ്തൊരുക്കിയ നീക്കങ്ങളിലൂടെയാണ്
2014 ലോകകപ്പ് കിരീടത്തിനും 2017ലെ കോൺഫെഡറേഷൻസ് കപ്പ് വിജയത്തിനും ശേഷം ലോകഫുട്ബോളിൽ തോൽവികളുടെ നിലയില്ലാക്കയത്തിലേക്കു വീണ ജർമനിയുടെ തിരിച്ചുവരവിന്റെ കാഹളം മുഴക്കുന്ന മത്സരമായിരുന്നു ഇത്. ആദ്യപകുതിയിൽ യുവതാരങ്ങളായ വിർട്സും മുസിയാളയും ഹാവേർട്സും തുടങ്ങിവച്ച ഗോളടി പൂർത്തിയാക്കിയത് പകരക്കാരായി രണ്ടാം പകുതിയിലിറങ്ങിയ സീനിയർ താരങ്ങളായ നിക്ലാസ് ഫുൾക്രൂഗും എമ്രി കാനുമാണ്. ജർമൻ ഫുട്ബോളിലെ തലമുറമാറ്റത്തിന്റെ മികച്ച അടയാളങ്ങളിലൊന്നുമായി ഈ മത്സരം.
മറുവശത്ത്, ആദ്യപകുതിയുടെ അവസാന നേരത്ത് ജർമൻ ക്യാപ്റ്റൻ ഇൽകെ ഗുണ്ടോവാനെ പെനൽറ്റി ഏരിയയിൽ വീഴ്ത്തിയതിനു ചുവപ്പുകാർഡ് കണ്ട സെന്റർ ബാക്ക് റയാൻ പോർട്ടിയൂസിന്റെ അഭാവത്തിൽ സ്കോട്‌ലൻഡ് രണ്ടാം പകുതിയിൽ 10 പേരുമായാണു കളിച്ചത്. ആരാധകരുടെ ആർപ്പുവിളിക്കൊപ്പം ഓരോ സെക്കൻഡിലും ഇരച്ചെത്തിയ ജർമൻ മുന്നേറ്റത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സ്കോട്‌ലൻഡിന്റെ താരതമ്യേന ദുർബലമായ പ്രതിരോധനിര പെടാപ്പാടു പെട്ടു.
ഇംഗ്ലണ്ടിലെ നോർവിച്ച് സിറ്റിയുടെ ഗോൾകീപ്പറായി കളിക്കുന്ന സ്കോട്‌ലൻഡ് ഗോളി ആംഗസ് ഗണിന്റെ നില തെറ്റിക്കുന്ന ഷോട്ടുകളിലൂടെയാണു ജർമൻ താരങ്ങളെല്ലാം ഗോൾ നേടിയത്. പ്രധാന താരങ്ങളെയെല്ലാം പിൻവലിച്ച് തോമസ് മുള്ളർ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ കളത്തിലിറക്കിക്കഴിഞ്ഞാണ് ജർമനി ഒരു ഗോൾ വഴങ്ങിയത്. അതും സെൽഫ് ഗോളിന്റെ രൂപത്തിൽ.