കൊൽക്കത്ത: ബംഗാളിലെ ജൽപായ്ഗുഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. ചരക്കു തീവണ്ടിയും കാഞ്ചന്‍ജംഗ എക്സ്പ്രസും കൂട്ടിയിടിച്ചാണ് അപകടം. 15 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡാർജീലിങ് അഡീഷണൽ എസ്പി അഭിഷേക് റോയ് പറഞ്ഞു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
അമിതവേഗതയിൽ വന്ന ചരക്ക് തീവണ്ടി കാഞ്ചൻജംഗ എക്സ്പ്രസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എൻജെപിയിൽ നിന്ന് സീൽദായിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ സിലിഗുരി കഴിഞ്ഞതിന് ശേഷം രംഗപാണി സ്‌റ്റേഷന് സമീപത്താണ് കൂട്ടിയിടിച്ചത്. അപകടത്തിൽ മൂന്ന് കോച്ചുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.