എതിരാളികള്‍ ലോകക്രിക്കറ്റിലെ കുഞ്ഞന്‍മാരാണെന്ന പരിഗണനയൊന്നും നല്‍കാതെ തീയുണ്ടകളുമായി ന്യൂസിലന്റ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസണ്‍. പാപുവ ന്യൂ ഗിനിയക്കെതിരായ ടി20 ലോകകപ്പ് മല്‍സരത്തില്‍ നാല് ഓവറില്‍ നാലും മെയ്ഡനാക്കി ഫെര്‍ഗൂസണ്‍ അവിശ്വസനീയമായ റെക്കോഡ് സൃഷ്ടിച്ചു.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്പെല്ലാണിത്. നാല് ഓവറില്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റ് നേടുന്ന ആദ്യ ബൗളറാണിദ്ദേഹം. ടി20 മാച്ചുകളില്‍ ഒരാള്‍ക്ക് പരമാവധി നാല് ഓവറുകളാണ് ലഭിക്കുകയെന്നിരിക്കെ ഒരു വൈഡോ നോബോളോ പോലുമില്ലാതെ 24 പന്തുകളും നന്നായി ചെയ്താണ് 4-4-0-3 എന്ന മാര്‍ജിനില്‍ അദ്ദേഹം ഞെട്ടിച്ചത്.
2021 ല്‍ പനാമയ്ക്കെതിരെ കാനഡയുടെ സഅദ് ബിന്‍ സഫര്‍ സ്ഥാപിച്ച 4-4-0-2 എന്ന റെക്കോഡാണ് 33കാരനായ ഫെര്‍ഗൂസണ്‍ പഴങ്കഥയാക്കിയത്. ഒരു വിക്കറ്റ് ഫെര്‍ഗൂസണ് അധികം ലഭിക്കുകയും ചെയ്തു. പാപുവ ന്യൂ ഗിനിയയുടെ അസദ് വാല (6), ചാള്‍സ് അമിനി (17), ചാഡ് സോപ്പര്‍ (1) എന്നിവരുടെ വിക്കറ്റുകളും ഫെര്‍ഗൂസന്റെ മാന്ത്രിക സ്‌പെല്ലില്‍ വീണത്.