ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. ലോകകപ്പിൽ പരാജയപ്പെട്ട ഓപ്പണിംഗ് സഖ്യത്തിൽ മാറ്റമുണ്ടാകുമോയെന്നാണ് ക്രിക്കറ്റ് ലോകത്തെ ചോദ്യം. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാഥോർ. വിരാട് കോഹ്‍ലിയെ നിങ്ങൾക്ക് ഓപ്പണറായി വേണ്ടേയെന്നാണ് റാഥോറിന്റെ ചോദ്യം.
എല്ലാവരും വിരാടിനെ ഓപ്പണറായി കാണാൻ ആഗ്രഹിക്കുന്നുവെന്ന് താൻ മനസിലാക്കുന്നു. ഇപ്പോഴത്തെ ബാറ്റിംഗ് ഓഡറിൽ ഇന്ത്യൻ ടീമിന് സന്തോഷമുണ്ട്. ഇനി എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കിൽ അത് സാഹചര്യങ്ങൾക്കും എതിരാളികൾക്കും അനുസരിച്ചാവും. അല്ലാത്ത പക്ഷം ബാറ്റിംഗ് ഓഡറിൽ മാറ്റമുണ്ടാകില്ലെന്നും വിക്രം റാഥോർ വ്യക്തമാക്കി.
ട്വന്റി 20 ലോകകപ്പിൽ ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാനാകും. രാത്രി എട്ട് മണിക്കാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. സെമി സാധ്യതകൾ നിലനിർത്താൻ ബംഗ്ലാദേശിന് ഇന്നത്തെ മത്സരത്തിൽ വിജയം ആവശ്യമാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയോട് പരാജയപ്പെട്ടാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാൻ ഒരുങ്ങുന്നത്.
