ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളില്‍ മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ശുഭാങ്കര്‍ മിശ്രയുമായുള്ള ഒരു യൂട്യൂബ് അഭിമുഖത്തിലായിരുന്നു ഇക്കാര്യങ്ങളില്‍ ഷമി പ്രതികരിച്ചത്.

ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ ഭാഷയിലായിരുന്നു ഷമിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ഇത്തരം വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആളുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഫോണ്‍ തുറന്നാല്‍ തന്നെ ഇത്തരം പോസ്റ്റുകളാണ് കാണുന്നതെന്നും തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണെങ്കിലും അവ ഒരാളുടെ ജീവിതവുമായി ബന്ധപ്പെട്ടതാണെങ്കില്‍ പങ്കിടും മുമ്പ് അതിനെ കുറിച്ച് ഒന്നുകൂടി ചിന്തിക്കണമെന്നും ഷമി ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കില്‍ വെരിഫയ്ഡ് പേജുകളില്‍ നിന്ന് ഇക്കാര്യം ചോദിക്കാന്‍ ധൈര്യം കാണിച്ചാല്‍ താന്‍ മറുപടി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായി മാസങ്ങള്‍ക്കു മുമ്പാണ് സാനിയ വിവാഹ ബന്ധം വേര്‍പെടുത്തിയത്. തൊട്ടുപിന്നാലെ മാലിക്ക് പാക് നടി സന ജാവേദിനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. മുഹമ്മദ് ഷമിയാകട്ടെ ഭാര്യ ഹസിന്‍ ജഹാന്റെ വ്യാജ ആരോപണങ്ങളിലും പരാതികളിലും പൊറുതിമുട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഷമിയും സാനിയയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *