വയനാട്: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ശ്രുതിയും വോട്ട് ചെയ്യാനെത്തി. ഉറ്റവരെ ഉരുളെടുത്തപ്പോൾ ശ്രുതിക്ക് കൂട്ടായി എത്തിയത് പ്രതിശ്രുത വരൻ ജെൻസണായിരുന്നു. എന്നാൽ വാഹനാപകടത്തെ തുടർന്ന് ജെൻസണും ശ്രുതിയെ വിട്ടുപോയി. അപകടത്തിൽ പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുകയാണ്.
സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലാണ് ശ്രുതി വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നുവെന്ന് ശ്രുതി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
ഒരുപാട് പേർ ഒപ്പം നിന്നിട്ടുണ്ട്. അവസ്ഥ മനസ്സിലാക്കി എല്ലാവരെയും പ്രതിനിധീകരിക്കാൻ ഒരാൾ വേണം എന്നതിനാലാണ് വോട്ട് ചെയ്യാൻ വന്നത്. എല്ലാവരെയും കാണാമല്ലോ എന്നും വിചാരിച്ചു, എല്ലാവരെയും കണ്ടതിൽ സന്തോഷമെന്നും ശ്രുതി പറഞ്ഞു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുന്നുവെന്നും ശ്രുതി അറിയിച്ചു