ലോസ് ഏഞ്ചൽസ്: ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കാൻ കരടി വേഷം ധരിച്ച് സ്വന്തം ആഡംബര കാറുകൾ കേടുവരുത്തിയ നാല് പേർ അറസ്റ്റിൽ. യുഎസിലെ കാലിഫോർണിയയിൽ ബുധനാഴ്ചയാണ് സംഭവം. കാറിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായിരുന്നു യുവാക്കളുടെ വേഷം മാറൽ.
ആഡംബര വാഹനമായ റോൾസ് റോയ്‌സ് ഗോസ്റ്റ് കാറുകളാണ് യുവാക്കൾ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ നാശനഷ്ടം വരുത്തിയത്. കരടിയുടെ വേഷം കെട്ടി ഡോറുകൾ തകർക്കുകയും സീറ്റുകൾ വലിച്ചുകീറുകയുമായിരുന്നു.
ലോസ് ഏഞ്ചൽസിലെ പർവതപ്രദേശമായ ലേക് ആരോഹെഡിൽ പാർക്ക് ചെയ്തപ്പോൾ ഒരു കരടി കാറിൽ കയറിയെന്നും സീറ്റുൾപ്പെടെ നശിപ്പിച്ചുവെന്നും യുവാക്കൾ പറഞ്ഞു.തെളിവായി സിസിടിവി ദൃശ്യങ്ങളും അവർ ഇൻഷുറൻസ് കമ്പനിക്ക് നൽകി.
എന്നാലിതിൽ സംശയം തോന്നിയ കമ്പനി ഇൻഷുറൻസ് തട്ടിപ്പ് അന്വേഷിക്കുന്ന കുറ്റാന്വേഷകരെ വിവരമറിയിക്കുകയായിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് യുവാക്കളുടെ കള്ളത്തരം പൊളിഞ്ഞത്.
“വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് യഥാർത്ഥ കരടി അല്ലെന്നും. വേഷം കെട്ടിയ ആളാണെന്നും തെളിഞ്ഞത്”, കാലിഫോർണിയ ഇൻഷുറൻസ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുവാക്കളുടെ വീട്ടിൽ നിന്ന് കരടി വേഷം കണ്ടെത്തിയിട്ടുണ്ട്.
140,000 ഡോളറിലധികം വരുന്ന ഇൻഷുറൻസ് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് റൂബൻ തമ്രാസിയാൻ (26), അരാരത്ത് ചിർക്കിനിയൻ (39), വാഹേ മുറാദ്ഖന്യൻ (32), അൽഫിയ സുക്കർമാൻ (39) എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്.