ന്യൂഡൽഹി: നൂറിലേറെ ഇന്ത്യൻ പൗരന്മാരെ അമേരിക്ക നാടുകടത്തിയ വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്.കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്യാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വിഷയം സഭ ചർച്ച ചെയ്യണമെന്നാണ് ആവശ്യം.
അത്യധികം അപമാനകരവും ദുരിതപൂർണ്ണവുമായ സാഹചര്യങ്ങളിൽ അമേരിക്കൻ ഗവൺമെൻ്റ് നാടുകടത്തിയ 100ലധികം ഇന്ത്യൻ പൗരന്മാരുടെ വിഷയം അടിയന്തര പ്രമേയമായി പരിഗണിക്കണമെന്നാണ് നോട്ടീസ്. നമ്മുടെ ജനതയ്ക്കെതിരെ കൂടുതൽ മനുഷ്യത്വവിരുദ്ധമായ നടപടികൾ തടയുന്നതിനും സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരൻ്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിനും ഈ സഭ അടിയന്തരമായി ഈ വിഷയം അഭിസംബോധന ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
കഴിഞ്ഞ ദിവസമാണ് അമേരിക്ക അനധികൃത കുടിയേറ്റക്കാർ എന്ന് ചൂണ്ടിക്കാണിച്ച് 104 ഇന്ത്യക്കാരെ നാടുകടത്തിയത്. ഇവരുമായി എത്തിയ അമേരിക്കൻ യുദ്ധ വിമാനം ഇന്നലെ അമൃത്സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തിരുന്നു.ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് അണിയിച്ചാണ് നാടുകടത്തിയതെന്ന ആരോപണം കോൺഗ്രസ് ഉയർത്തിയിരുന്നത്. ഇന്ത്യക്കാരെ കൈവിലങ്ങിട്ട് അപമാനിക്കുന്ന ചിത്രങ്ങൾ സങ്കടപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വിമർശിച്ചു.
യുപിഎ ഭരണ കാലത്ത് ഇന്ത്യൻ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്ക വിലങ്ങുവെച്ച സംഭവം ഓർമിപ്പിച്ചായിരുന്നു പവൻ ഖേരയുടെ വിമർശനം. അന്ന് യുപിഎ സർക്കാർ സ്വീകരിച്ച കാര്യങ്ങൾ പവൻഖേര അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. യുഎസ് ഭരണകൂടം ഒടുവിൽ ഖേദം പ്രകടിപ്പിച്ചതും പവൻ ഖേര ചൂണ്ടിക്കാണിച്ചിരുന്നു.