ഹമാസ്-ഇസ്രായേല്‍ യുദ്ധം (Hamas – Israel war) ആരംഭിച്ചിട്ട് 500 ദിവസങ്ങള്‍ പിന്നിടുകയാണ്. 2023 ഒക്ടോബര്‍ 7നാണ് ഹമാസ് തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറി സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് തുടക്കം കുറിച്ചത്.നിലവില്‍ ഒരുമാസത്തോളമായി ഗാസ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി മാര്‍ച്ച് മാസത്തോടെ അവസാനിക്കും.

അതിനുശേഷം ഇരുവിഭാഗവും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിക്കുമോ അതോ യുദ്ധം വീണ്ടും ആരംഭിക്കുമോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

എന്നാല്‍ യുദ്ധക്കെടുതിയില്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇസ്രായേല്‍ സര്‍ക്കാരും ഗാസയിലെ ആരോഗ്യമന്ത്രാലയവും യുഎന്‍ ഏജന്‍സികളും ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്.ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തില്‍ ഇസ്രായേലില്‍ 1200 പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലെത്തിച്ചു.

ഒക്ടോബര്‍ 7ന് നടന്ന ആക്രമണത്തിന് മുമ്പ് പിടിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ നിലവില്‍ ഗാസയില്‍ 73 ബന്ദികളാണ് അവശേഷിക്കുന്നത്.ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരില്‍ 36 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഗാസയില്‍ 48,200ലധികം പലസ്തീന്‍ വംശജര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഗാസയിലെ ആരോഗ്യ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ ഗാസയില്‍ 111,600 ലേറെ പലസ്തീന്‍ വംശജര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

2023 ഒക്ടോബര്‍ 7 മുതല്‍ ഇതുവരെ 846 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നും കണക്കുകള്‍ പറയുന്നു. ഇതിനോടകം ഗാസയില്‍ നിന്ന് 10000 ലേറെ റോക്കറ്റുകളാണ് ഇസ്രായേല്‍ ലക്ഷ്യമാക്കി പാഞ്ഞടുത്തത്.

അതേസമയം ഗാസയിലെ ജനസംഖ്യയുടെ 90 ശതമാനവും കുടിയിറക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷം വടക്കന്‍ ഗാസയിലേക്ക് 586,000 പലസ്തീന്‍ പൗരന്‍മാര്‍ എത്തിയെന്നും കണക്കുകളില്‍ പറയുന്നു. ഹമാസിന്റെയും ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുടെയും ആക്രമണത്തിന് പിന്നാലെ 75,500ലേറെ ഇസ്രായേല്‍ വംശജര്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *