പെട്രോൾ ഡീസൽ വില കുതിച്ചുയരും, അവശ്യസാധനങ്ങളുടെ വില വർദ്ധിക്കും: ഇസ്രായേൽ- ഹമാസ് യുദ്ധം ഇന്ത്യയേയും ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ലോകബാങ്ക്

ഇസ്രയേലിൻ്റെ കര വഴിയുള്ള ആക്രമണത്തോടെ ഇസ്രായേൽ-ഹമാസ് യുദ്ധം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഇസ്രായേൽ കര വഴിയുള്ള ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നു. ഇസ്രായേൽ ഹമാസ് യുദ്ധത്തിൻ്റെ പ്രതിഫലനങ്ങൾ മറ്റു രാജ്യങ്ങളിലും ദൃശ്യമായികൊണ്ടിരിക്കുകയാണ്. യുദ്ധ സാഹചര്യത്തിൽ ആശങ്ക അറിയിച്ച് ലോകബാങ്ക് (World Bank) രംഗത്തെത്തിക്കഴിഞ്ഞു. യുദ്ധം നീണ്ടു നിന്നാൽ ആഗോള സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യസാധങ്ങളുടെ വിലയിലും പ്രത്യേകിച്ച് ക്രൂഡോയിലിൻ്റെ വിലയിൽ ഭിമാകരമായ വർദ്ധനവുണ്ടാകുമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ പണപ്പെരുപ്പം വർദ്ധിക്കുമെന്നും ലോക ബാങ്ക് ആശങ്കപ്പെടുന്നുണ്ട്.

റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ലോകരാജ്യങ്ങളിൽ രാഷ്ട്രീയ സ്ഥിതി കൂടുതൽ വഷളാവുകയുണ്ടായി. പ്രസ്തുത യുദ്ധം ക്രൂഡോയിൽ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിൽ കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിൻ്റെ പ്രതിഫലനം പണപ്പെരുപ്പത്തിൻ്റെ രൂപത്തിലാണ് ലോകത്ത് ദൃശ്യമായത്. തുടർന്ന് ഹമാസും ഇസ്രായേലും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ തൽസ്ഥിതി കൂടുതൽ പ്രതിസന്ധിയിലേക്ക് കടന്നു. ഇസ്രായേൽ- ഹമാസ് യുദ്ധത്തിൽ ഇതുവരെ 9000ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇരുവശത്തുനിന്നും ആക്രമണം കടുത്തതോടെ ഇരു രാജ്യങ്ങളിലെയും പല നഗരങ്ങളും തകർന്നുവീഴുന്നതും കാണാൻ കഴിഞ്ഞു. ഹമാസിൻ്റെ കേന്ദ്രമായ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നഗരം അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറുകയും ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *