കേരള ടൂറിസത്തിന് ഉണര്‍വേകിക്കൊണ്ട് ക്രൂസ് സീസണ് ആരംഭിച്ചു. നവംബര്‍ 18-നാണ് ആദ്യ ആഡംബര കപ്പലായ ‘സെലിബ്രിറ്റി എഡ്ജ്’ കൊച്ചി തുറമുഖത്ത് എത്തിച്ചേരുക. ദുബായ്-മുംബൈ-കൊച്ചി-കൊളംബോ എന്നിങ്ങനെയാണ് സെലിബ്രിറ്റി എഡ്ജിന്റെ സഞ്ചാര പാത. മൂവായിരത്തോളം വിനോദസഞ്ചാരികളും 1,500 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടാകുക. സഞ്ചാരികളെ സ്വാഗതം ചെയ്യാനായി എല്ലാ സൗകര്യങ്ങളും കൊച്ചി തുറമുഖം ഒരുക്കുന്നുണ്ട്. ഇത്തവണ ആഡംബര സര്‍വീസ് നടത്തുന്നത് രണ്ട് കപ്പല്‍ കമ്പനികളാണ്. നടപ്പു സാമ്പത്തിക വര്‍ഷം 21 അന്താരാഷ്ട്ര കപ്പലുകളും 14 ആഭ്യന്തര സര്‍വീസുകളുമാണ് കൊച്ചി തീരത്ത് എത്തുക. 2024-25 സാമ്പത്തിക വര്‍ഷം 34 അന്താരാഷ്ട്ര കപ്പലുകളും എത്തും. സഞ്ചാരികള്‍ക്കായുള്ള ബുക്കിങ്ങുകള്‍ കപ്പല്‍ കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍നിന്ന് ഇത്തവണ ആഡംബര കപ്പലുകളില്‍ യാത്ര ചെയ്യുന്നതിനായുള്ള സഞ്ചാരികളുടെ ബുക്കിങ്ങിലും വര്‍ധന കൈവരിച്ചിട്ടുള്ളതായി ഏജന്‍സികള്‍ അറിയിച്ചു. 12 മണിക്കൂറില്‍ താഴെ സമയം ചെലവഴിക്കുന്ന ക്രൂസ് സഞ്ചാരികള്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കാഴ്ചകള്‍ കാണാനായി ചെലവഴിക്കുക. കേരളത്തിലെ ക്രൂസ് സീസണിനെ ആശ്രയിക്കുന്ന പ്രാദേശിക മേഖലയിലുള്ളവര്‍ക്ക് മികച്ച വരുമാന മാര്‍ഗം കൂടിയാണിത്.