ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇഡി അതിവേഗനീക്കങ്ങള്‍ തുടരുമ്പോള്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി ഡല്‍ഹി മന്ത്രി അതിഷി. ബിജെപിയില്‍ ചേരാന്‍ അടുത്ത സുഹൃത്ത് വഴി സമ്മര്‍ദമുണ്ടായി.
ബിജെപിക്കൊപ്പം പോയില്ലെങ്കില്‍ തന്നെയും മറ്റ് മൂന്ന് എഎപി നേതാക്കളെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്റെ വീട്ടിലും ഉടന്‍ ഇഡി റെയ്ഡ് നടന്നേക്കാം.
ബിജെപിയുടെ ഭീഷണിക്ക് ഒരുകാരണവശാലും വഴങ്ങില്ല. മന്ത്രി സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പാഠക്, രാഘവ് ഛഡ്ഢ എന്നിവരാണ് ഭീഷണി നേരിടുന്ന മറ്റ് നേതാക്കളെന്നും അതിഷി വെളിപ്പെടുത്തി.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഇഡി നീക്കം കടുപ്പിച്ചിരുന്നു. ഇതിനിടെയാണ് അതിഷിയുടെ ആരോപണം.