101 നിലകളുള്ള അംബരചുംബിയായ ‘തായ്പേയ് 101’ എന്ന കെട്ടിടത്തെ തയ്വാനിലെ തുടർ ഭൂചലനം എങ്ങനെ ബാധിച്ചിരിക്കാമെന്നാണു ലോകം ആദ്യം ചോദിച്ചത്.
ആ സമുച്ചയത്തിന് ഒരു പോറൽ പോലുമില്ലെന്നാണ് ഉത്തരം. കൃത്യമായ കെട്ടിടനിർമാണച്ചട്ടം പാലിച്ചാണു തയ്വാൻ ഈ ഭൂകമ്പ പ്രതിരോധ ലോകാദ്ഭുതം കെട്ടിപ്പൊക്കിയത്.
660 ടൺ ഭാരമുള്ള ഒരു പെൻഡുലമാണ് ആ കെട്ടിടത്തെ കുലുങ്ങാതെ കാക്കുന്നതെന്നും ഈ രംഗത്തെ വിദഗ്ധർ പറയുന്നു.ഭൂചലനം ആരെയും കൊല്ലാറില്ല, കൊടുങ്കാറ്റ് ആരെയും ശ്വാസം മുട്ടിക്കാറുമില്ല.
പക്ഷേ മനുഷ്യർ നിർമിച്ച കെട്ടിടങ്ങളും എടുപ്പുകളും മറ്റു നിർമിതികളും ഇടിഞ്ഞുവീണോ പറന്നുവന്നിടിച്ചോ ആണ് പല മരണങ്ങളും സംഭവിക്കുന്നത്.
അതിനാൽ ഭൂകമ്പത്തെയും ചുഴലിക്കാറ്റിനെയും പ്രതിരോധിക്കുന്ന വിധത്തിലുള്ള നിർമിതികളാണ് ആവശ്യം, പ്രശസ്തനായ ഒരു ദുരന്തനിവാരണ ഗവേഷകന്റെ വാക്കുകളാണിത്.