രാജ്കോട്ട്: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി ഇന്ത്യൻ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും. റെയില്‍വെസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പൂജാര രണ്ട് ഇന്നിംഗ്സിലും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ സൗരഷ്ട്ര റെയില്‍വെസിനെതിരെ 37 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങി.
റെയില്‍വെസിനെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ സൗരാഷ്ട്രക്കായി നാലാം നമ്പറിലിറങ്ങിയ പൂജാര 19 പന്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ആറാം നമ്പറിലെത്തി 18 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.
റെയില്‍വേസ് ആദ്യ ഇന്നിംഗ്സില്‍ 234 റണ്‍സെടുത്തപ്പള്‍ സൗരാഷ്ട ആദ്യ ഇന്നിംഗ്സില്‍196 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ റെയില്‍വേസ് 141 റണ്‍സിന് പുറത്തായപ്പോൾ സൗരാഷ്ട്ര 142 റണ്‍സിന് ഓള്‍ ഔട്ടായി.ഇന്ത്യൻ ടീമില്‍ ഇടം പ്രതീക്ഷിച്ച മറ്റൊരു സീനിയര്‍ താരം അജിങ്ക്യാ രഹാനെയാകട്ടെ ത്രിപുരക്കെതിരായ മത്സരത്തില്‍ 35 റണ്‍സെടുത്ത് പുറത്തായി.
മുംബൈ ആദ്യ ഇന്നിംഗ്സില്‍ 450 റണ്‍സടിച്ചപ്പോള്‍ വാലറ്റക്കാരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും തോറ്റ് ഇന്ത്യ പരമ്പര കൈവിട്ടതോടെ മധ്യനിരയില്‍ പൂജാരയെയും രഹാനെയെയും തിരിച്ചുകൊണ്ടുവരണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.
ഓസ്ട്രേലിയക്കെതിരായ ടീം പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് പൂജാര രഞ്ജി ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിടുകയും ചെയ്തതോടെ പൂജാരയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ രഹാനെയും പൂജാരയും ഒരുപോലെ നിരാശപ്പെടുത്തിയതോടെ ഇരുവരെയും ടീമിലെടുക്കണമെന്ന് വാദിച്ച ആരാധകരും നിശബ്ദരായിട്ടുണ്ട്. അടുത്തമാസം 22 മുതലാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം തുടങ്ങുന്നത്.