ഗാസ: ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ അഭയാര്‍ഥി ഏജൻസി ഉൻവ (UNRWA) യെ നിരോധിക്കുന്ന നിയമം ഇസ്രയേൽ പാർലമെൻ്റ് പാസാക്കി. ഉൻവയ്ക്ക് ഇനി ഇസ്രയേലിലും ഇസ്രയേൽ അധീന കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കാനാവില്ല. ഇസ്രയേൽ ഉദ്യോഗസ്ഥരും ഏജൻസി ജീവനക്കാരും തമ്മിൽ ബന്ധപ്പെടുന്നതിനും വിലക്കുണ്ട്.
ഗാസയിലും ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിലും ഏജൻസി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഇതോടെ പരിമിതമാവുംതിങ്കളാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ പാർലമെൻ്റായ നെസെറ്റ് ഉൻവയെ നിരോധിക്കുന്നതടക്കമുള്ള രണ്ട് ബില്ലുകളും ഭൂരിപക്ഷത്തോടെ അംഗീകരിച്ചത്.
ഉൻവയെ “ഭീകരപ്രവർത്തനങ്ങളുടെ മറയായി” ഉപയോഗിക്കുന്നുവെന്നാണ് നിയമനിർമ്മാണം അവതരിപ്പിച്ചുകൊണ്ട്, നെസെറ്റിൻ്റെ വിദേശകാര്യ-സുരക്ഷാ കമ്മിറ്റി ചെയർമാൻ യൂലി എഡൽസ്റ്റൈൻ ആരോപിച്ചത്. ”ഹമാസ് എന്ന തീവ്രവാദ സംഘടനയും ഉൻവയും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്.
ഇസ്രായേലിന് ഇത് സഹിക്കാൻ കഴിയില്ല” – എഡൽസ്റ്റൈൻ പറഞ്ഞു.യുദ്ധത്താൽ വലഞ്ഞ ഗാസയിലേക്ക് സഹായമെത്തിക്കാനായി യു.എൻ ഏജൻസിക്ക് ഇസ്രയേൽ സൈന്യവുമായി സഹകരിക്കേണ്ടതുണ്ട്. ഗാസയിൽ നേരിട്ട് പ്രവർത്തിക്കുന്ന ഏക യു.എൻ. സംഘടനയും ഇതുതന്നെയാണ്.
നിയമം പാസാക്കിയതോടെ ഏജൻസിയുടെ കിഴക്കൻ ജറുസലേമിലെ ആസ്ഥാനമന്ദിരം അടയ്ക്കും. ഏജൻസിയുടെ ജീവനക്കാർക്ക് ഇസ്രയേലിൽ നിയമപരമായ സഹായവും ലഭിക്കില്ല. അമേരിക്ക, യു.കെ, ജർമ്മനി എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രയേലിന്റെ ഈ നീക്കത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു
.ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നത് ഇസ്രായേൽ-പലസ്തീൻ സംഘർഷം പരിഹരിക്കുന്നതിന് സഹായിക്കില്ലെന്നും മേഖലയിലെ മൊത്തത്തിലുള്ള സമാധാനത്തിനും സുരക്ഷയ്ക്കും ഹാനികരമാവുമെന്നും യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെരസ് പറഞ്ഞു.
ഇസ്രയേൽ നീക്കം പലസ്തീൻകാരുടെ ദുരിതം വർധിപ്പിക്കുകയേ ഉള്ളൂവെന്ന് അൻവയുടെ മേധാവി ഫിലിപ്പ് ലസാരിനിയും പ്രതികരിച്ചു.”പതിറ്റാണ്ടുകളായി ഇസ്രയേൽ എതിർക്കുന്ന സംഘടനയാണ് ഉൻവ. സമീപ വർഷങ്ങളിൽ ഈ എതിർപ്പ് രൂക്ഷമായിരുന്നു. 2023 ഒക്‌ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ 19 ഉൻവ പ്രവർത്തകർ പങ്കെടുത്തതായാണ് ഇസ്രയേൽ ആരോപിക്കുന്നത്.
ഗാസയിൽ ഉൻവ ജീവനക്കാർ ഹമാസുമായി ഒത്തുകളിച്ചെന്നും അവർ പറയുന്നു.പലസ്തീൻ അഭയാര്‍ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയായ ഉൻവ ഗാസയിലെ ദശലക്ഷക്കണക്കിന് പലസ്തീനികൾക്കായി ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും ഉൾപ്പെടെ നിരവധി സേവനങ്ങളും പിന്തുണയും നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഏജൻസിയുടെ സാന്നിധ്യം അതിജീവനത്തിനുള്ള താങ്ങായാണ് ജനങ്ങൾ കാണുന്നത്. കിഴക്കൻ ജറുസലേമും ഗാസ മുനമ്പും ഉൾപ്പെടെ ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ രണ്ടര ദശലക്ഷം പലസ്തീനികൾ ഉൻവയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.”
ഗാസയുടെ വടക്ക് ഭാഗത്ത് ഇസ്രായേൽ സൈന്യം “ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ പട്ടിണി കിടക്കുക” എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നാണ് പലസ്തീനിലെ ജനങ്ങള്‍ വിശ്വസിക്കുന്നത്. ഇത് 400,000 സാധാരണക്കാരെ രാജ്യത്തിന്റെ തെക്കുഭാഗത്തേക്ക് നിർബന്ധിതമായി കുടിയിറക്കും.
തുടർന്ന് അവശേഷിക്കുന്ന ഹമാസ് പോരാളികളെ പിടികൂടുകയുംചെയ്യുമെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നില്ലെന്നും സാധാരണക്കാർ അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്നും സൈന്യം വിശദീകരിക്കുന്നു.”