അതിശയത്തിന്‍റെ കണികകള്‍ ചേര്‍ന്നൊരുങ്ങിയതാണ് പ്രപഞ്ചം. കാലാന്തരങ്ങളിലെ പരിണാമം പുതിയ പര്‍വതങ്ങളുടെയും ഭൂപ്രദേശങ്ങളുടെയും സസ്യ ജീവി വൈവിധ്യങ്ങളുടെയുമെല്ലാം രൂപീകരണത്തിന് കാരണമായതിന് തെളിവുകളേറെ. ഇതാ കണ്‍മുന്നില്‍ മറ്റൊരു പ്രപഞ്ചാദ്ഭുതവും വെളിപ്പെട്ടേക്കുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു.

അതിനിടയിലൂടെ പുതിയ സമുദ്രം പിറവി കൊള്ളുന്നുവെന്നുമാണ് കണ്ടെത്തല്‍.ഇതോപ്യ, കെനിയ, യുഗാണ്ട എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കിഴക്കന്‍ ആഫ്രിക്കന്‍ റിഫ്റ്റ് സിസ്റ്റത്തിലേക്ക് ശാസ്ത്രലോകം ഉറ്റുനോക്കുകയാണ്.

ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്താണ് ഇവിടെ മാറ്റങ്ങള്‍ വന്നതെന്നും പരിപൂര്‍ണമായ മാറ്റം കാണാന്‍ ഒരുപക്ഷേ 50 ദശലക്ഷം വര്‍ഷങ്ങള്‍ കൂടി വേണ്ടി വരുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.ഈ മാറ്റത്തിന്‍റെ കേന്ദ്രം സൊമാലിയന്‍, നുബീയന്‍ ശിലാഫലകങ്ങളാണ്.

ഇവ രണ്ടും ഭൂമിക്കടിയില്‍ നിന്ന് അകലുന്നതായാണ് കണ്ടെത്തല്‍. ഭൂമിക്കടിയിലെ ശിലാഫലകങ്ങള്‍ ഇത്തരത്തില്‍ തെന്നി മാറുമ്പോള്‍ സ്വാഭാവികമായും വെള്ളം ആ വിടവില്‍ കയറി വരും. ഇതോടെ തീരപ്രദേശങ്ങളും രാജ്യാതിര്‍ത്തികളുമടക്കം മാറും.

റുവാണ്ട, യുഗാണ്ട തുടങ്ങി കരയാല്‍ ചുറ്റപ്പെട്ട രാജ്യങ്ങള്‍ക്കിടയില്‍ ഇനി കടല്‍ വരുമെന്ന് സാരംഭൗമശിലാഫലകങ്ങള്‍ തെന്നിമാറിയാണ് ഭൂഖണ്ഡങ്ങളുണ്ടായതെന്ന സിദ്ധാന്തത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ സിനോഗ്നാതസ് എന്ന ഏറെക്കുറെ ദിനോസറിനോട് സാമ്യമുള്ള ഉരഗത്തിന്‍റെ ഫോസിലുകള്‍ തെക്കേ അമേരിക്കയില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഇത് ഈ രണ്ട് ഭൂഖണ്ഡങ്ങളും മുന്‍പെന്നോ കാലത്ത് ഒന്നായിരുന്നതിന്‍റെ സൂചനകളാണെന്ന് ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.ആഫ്രിക്കയുടെ ‘പിളര്‍പ്പ്’ പ്രകടമായത് 2018ലായിരുന്നു. കെനിയയിലെ റിഫ്റ്റ് താഴ്​വരയില്‍ ഒരു വലിയ പൊട്ടലുണ്ടായി. 50 അടി താഴ്ചയും 65 അടി വീതിയിലുമാണ് ഇവിടെ ഭൂമി പിളര്‍ന്ന് നീങ്ങിയത്.

ഭൗമശിലാഫലകങ്ങളുടെ സമ്മര്‍ദമാണ് ഈ അകല്‍ച്ചയ്ക്ക് കാരണമെന്ന് ശാസ്ത്രലോകം പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഒരേസമയം മണ്ണൊലിപ്പും ഭൗമശിലകം തെന്നിമാറലും സംഭവിച്ചതിന്‍റെ ഫലമാണ് ഈ വിടവ് രൂപപ്പെട്ടതെന്നാണ് സീസ്മോളജിസ്റ്റായ സ്റ്റീഫന്‍ ഹിക്സും ഭൗമശാസ്ത്രജ്ഞനായ ഡേവിഡ് ആഡെയും പറയുന്നത്.

ആഫ്രിക്കയുടെ ഈ വേര്‍പിരിയല്‍ പ്രകൃതിയുടെ സ്വാഭാവികമായ പ്രതിഭാസമാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ഭൗമചരിത്രത്തില്‍ ഇത്തരം തെന്നിമാറലും കൂടിച്ചേരലും സാധാരണമാണെന്നും അവര്‍ ഉദാഹരണങ്ങള്‍ സഹിതം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *