ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയുമെന്ന് ന്യൂസിലാൻഡ് തെളിയിച്ചതായി പേസർ ടിം സൗത്തി. ‘ഏതൊരു ടീമിനും ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇന്ത്യയിലേത്. വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നതിന്റെ അനുഭവസമ്പത്ത് ഉപയോഗിച്ചാണ് ഞാൻ ഇത് പറയുന്നത്.
ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയയിലും ഏതൊരു ടീമിനും ക്രിക്കറ്റ് കളിക്കുക പ്രയാസമാണ്. 12 വർഷത്തിന്റെയും 18 പരമ്പരകളുടെയും ഇടവേളയ്ക്ക് ശേഷം ഒരു ടീം ഇന്ത്യയെ സ്വന്തം മണ്ണിൽ പരാജയപ്പെടുത്തിയിരിക്കുന്നു.
അത് കിവീസ് ടീമിനെ ഏറെ സന്തോഷം നൽകുന്നു. തീർച്ചയായും ന്യൂസിലാൻഡിന്റെ ഈ വിജയം മറ്റ് ടീമുകൾക്കും പ്രചോദനമാകും.’ ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ ടിം സൗത്തി പറഞ്ഞു.ഞങ്ങൾ ന്യൂസിലാൻഡിൽ നിന്നാണ് വരുന്നത്. തീർച്ചയായും ന്യൂസിലാൻഡിൽ മറ്റൊരു സാഹചര്യമാണ്. ഓരോ തവണയും ഇന്ത്യയിൽ വരുമ്പോൾ സൂപ്പർതാരങ്ങളുടെ നിരയോടാണ് ന്യൂസിലാൻഡ് മത്സരിക്കുന്നത്.
2010ലെ ഇന്ത്യൻ ടീം നോക്കൂ, സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, രാഹുൽ ദ്രാവിഡ്, വി വി എസ് ലക്ഷ്മൺ, മഹേന്ദ്ര സിങ് ധോണി എന്നിവർ ആ ടീമിലുണ്ടായിരുന്നു. അന്ന് ഞാൻ ഒരു യുവതാരമായിരുന്നു. ഇത്രയും മികച്ച താരങ്ങൾക്കെതിരെ പന്തെറിയാൻ സാധിച്ചത് ഏതൊരു കളിക്കാരന്റെയും സ്വപ്നസാഫല്യമാണ്.’ സൗത്തി വിശദീകരിച്ചു.
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ന്യൂസിലാൻഡ് പരമ്പര സ്വന്തമാക്കിയിരുന്നു. 2012-2013ൽ അലിസ്റ്റർ കുക്കിന്റെ ഇംഗ്ലണ്ട് ടീമിന് ശേഷം ഇതാദ്യമായാണ് ഒരു വിദേശ ടീം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. മൂന്നാം ടെസ്റ്റ് വിജയിച്ച് ആശ്വാസ വിജയം നേടാനാണ് ഇന്ത്യയുടെ ശ്രമം. ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് അവസാന ടെസ്റ്റിലെ വിജയം നിർണായകമാണ്.