മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കാത്തതിനുള്ള കാരണം വ്യക്തമാക്കി ബിസിസിഐയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടമായതിനാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ബുമ്രക്ക് സുഖമില്ലാത്താതിനാലാണ് പ്ലേയിംഗ് ഇലവനില്‍ ഇല്ലാത്തതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചതോടെ ആരാധകരും ആശങ്കയിലായി.നിര്‍ണായക ഓസ്ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ബുമ്രക്ക് പരിക്കേറ്റതാണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്ക. എന്നാല്‍ പിന്നാലെ ബിസിസിഐ ബുമ്രയെ ഒഴിവക്കാനുള്ള കാരണം വിശദീകരിച്ച് എക്സില്‍ പോസ്റ്റിട്ടു.
ഇതില്‍ പറയുന്നത് തന്നെ ബാധിച്ച വൈറല്‍ അസുഖത്തില്‍ നിന്ന് ബുമ്ര പൂര്‍ണമായും മുക്തനായിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുംബൈ ടെസ്റ്റില്‍ ബുമ്ര കളിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്.
പൂനെയിലെ വിജയശില്പിയായ മിച്ചല്‍ സാന്റ്നര്‍ പരിക്കുമൂലം വിട്ടു നിന്നപ്പോൾ ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്റിയും കിവീസിന്റെ പ്ലേയിംഗ് ഇലവനിലെത്തി
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, റിഷഭ് പന്ത്, സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്