ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ആശ്വാസ ജയം തേടിയാണ് ഇന്ത്യ മുംബൈയില്‍ ഇറങ്ങിയിരിക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബൗളിങ് ചെയ്തപ്പോൾ ന്യൂസിലാൻഡിന്റെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 50 ഓവറിൽ 175 റൺസ് എന്ന നിലയിലാണ് നിലവിൽ ന്യൂസിലാൻഡ്. ലഞ്ചിന് മുമ്പ് തന്നെ മൂന്ന് പ്രധാന താരങ്ങളെ പുറത്താക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഉച്ച ഭക്ഷണത്തിന് മുമ്പ് ഒരു നിര്‍ണ്ണായക വിക്കറ്റുകൂടി നേടാനുള്ള സുവര്‍ണ്ണാവസരം ഇന്ത്യ പാഴാക്കി. ഡാരില്‍ മിച്ചലിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ മണ്ടത്തരം കൊണ്ട് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്തിന്റെ പിഴവില്‍ നായകന്‍ രോഹിത് ശര്‍മയും സഹതാരങ്ങളും കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നതും കളത്തില്‍ കാണാനായിവാഷിങ്ടണ്‍ സുന്ദറിന്റെ ഓവറിലാണ് സംഭവം.
ഡാരില്‍ മിച്ചല്‍ രണ്ടാം റണ്‍സിനായി ശ്രമിച്ചപ്പോള്‍ മികച്ച ത്രോയോടെ മുഹമ്മദ് സിറാജ് റിഷഭ് പന്തിന്റെ കൈയിലേക്ക് പന്തെത്തിച്ചു. അല്‍പ്പം ഉയര്‍ന്നുവന്ന പന്ത് പിടിച്ചെടുത്ത് ധോണി സ്‌റ്റൈലില്‍ റിഷഭ് സ്റ്റംപിലേക്കിട്ടു. എന്നാല്‍ പന്ത് സ്റ്റംപില്‍ കൊണ്ടില്ലെന്ന് മാത്രമല്ല, ഈ സമയത്തിനുള്ളില്‍ അനായാസം മിച്ചല്‍ ക്രീസില്‍ കയറുകയും ചെയ്തു.
അനാവശ്യമായ ശ്രമം നടത്തിയതാണ് ഈ വിക്കറ്റവസരം നഷ്ടപ്പെടുത്തിയത്. റിഷഭിന്റെ കൈയില്‍ പന്ത് ലഭിക്കുമ്പോള്‍ വില്‍ യങ് നോണ്‍സ്‌ട്രൈക്കില്‍ ക്രീസിന്റെ പകുതിപോലും എത്തിയിരുന്നില്ല. റിഷഭ് പന്ത് നല്‍കുമെന്ന് പ്രതീക്ഷിച്ച് വാഷിങ്ടണ്‍ സുന്ദറും കാത്തുനിന്നെങ്കിലും റിഷഭ് ഇത് കണ്ടുപോലുമില്ല.
റണ്ണൗട്ടവസരം വരുമ്പോള്‍ മിക്ക വിക്കറ്റ് കീപ്പര്‍മാരും ഒരു കൈയിലെ ഗ്ലൗസ് ഊരി ത്രോ ചെയ്യാനുള്ള തയ്യാറെടുപ്പിലാവും നില്‍ക്കുക. എന്നാല്‍ റിഷഭ് പന്ത് ഇങ്ങനെയൊന്നും ചെയ്തില്ല. ഗ്ലൗസ് ഊരാതെയാണ് റിഷഭ് ത്രോ ചെയ്തത്. ഇതാണ് സ്റ്റംപില്‍ പന്ത് കൊള്ളാത്തതിന്റെ കാരണമെന്നാണ് കമന്റേറ്റര്‍മാര്‍ അഭിപ്രായപ്പെട്ടത്.
റിഷഭ് ലളിതമായി ധോണിയെപ്പോലെ റണ്ണൗട്ടാക്കാന്‍ ശ്രമിച്ചതാണ് പിഴവിന് കാരണമെന്നും ഗ്ലൗസ് ഊരാതെ തന്നെ സ്റ്റമ്പിൽ കുറിക്ക് കൊള്ളിക്കുന്നത് ധോണിയെ പോലെ അപൂർവ്വം വിക്കറ്റ് കീപ്പർമാർക്ക് കഴിയുന്ന കാര്യമാണെന്നുമാണ് ആരാധകരുടെ വിമർശനം.