മുംബൈ: ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയില്ലെങ്കില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ജനുവരിയിലാണ് അവസാനിക്കുന്നത്. അതിനുശേഷം ചാമ്പ്യൻസ് ട്രോഫിയിലും പിന്നാലെ ഐപിഎല്ലിലുമാകും ഇന്ത്യൻ താരങ്ങള്‍ കളിക്കുക.ഓസ്ട്രേലിയക്കെതിരായ പരമ്പര കഴിഞ്ഞാല്‍ ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുണ്ട്.
ഫൈനലിന് നേരിട്ട് യോഗ്യത നേടണമെങ്കില്‍ ഇന്ത്യക്കിനി ഓസ്ട്രേലിയയെ 4-0ന് എങ്കിലും തോല്‍പ്പിക്കണം. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ടീമിലെ സീനിയര്‍ താരങ്ങളെ ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കുന്നതിനെക്കുറിച്ച് ബിസിസിഐ ഗൗരവമായി ആലോചിക്കുനന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുടെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും നിലിവല്‍ ടീമിലെ സീനിയര്‍ താരങ്ങളാണ് ഈ നാലു പേരും.യുവതാരം യശസ്വി ജയ്സ്വാള്‍ ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ്.
ശുഭ്മാന്‍ ഗില്ലാകട്ടെ ഭാവി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കളിക്കാരനാണ്. റിഷഭ് പന്ത് മാത്രമാണ് ടെസ്റ്റില്‍ ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.
ബാറ്റിംഗ് നിരയില്‍ ഇവരെ ഒഴിച്ചു നിര്‍ത്തിയാല്‍ ജൂനിയറായ സര്‍ഫറാസ് ഖാന്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയന്‍ പര്യടനം കോലിയുടെയും രോഹിത്തിന്‍റെയും ടെസ്റ്റ് കരിയറിന്‍റെ അവസാനമാകാൻ ഇടയുണ്ടെന്നാണ് കരുതുന്നത്.
ജഡേജ ബൗളിംഗില്‍ തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ തീര്‍ത്തും നിരാശപ്പെടുത്തി. അശ്വിനാകട്ടെ ബംഗ്ലദേശിനെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ് സീരീസായെങ്കിലും ന്യൂസിലന്‍ഡിനെതിരെ തന്‍റെ മികവിന്‍റെ അടുത്തൊന്നുമായിരുന്നില്ല.
പ്രായമാകുന്ന ടീമിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നതിനെക്കുറിച്ച് ബിസിസിഐ ഉന്നതരും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അനൗപചാരിക ചര്‍ച്ചകള്‍ വൈകാതെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുക എന്നത് ഇന്ത്യണ ടീമിലെ സീനിയര്‍ താരങ്ങളുടെ നിലനില്‍പ്പിന്‍റെ കൂടി പ്രശ്നമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.