ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലയളവിൽ രാഹുൽ ഗാന്ധിയെ സ്വാധീനിക്കാന്‍ അദാനി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പുസ്തകം. രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമിച്ചിരുന്നുവെന്നും പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതിന് ഇടനില നിൽക്കാൻ ശ്രമിച്ചുവെന്നുമാണ് പുസ്തകത്തിലുള്ളത്.
മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ‘2024, ദ ഇലക്ഷൻസ് ദാറ്റ് സർപ്രൈസ്ഡ് ഇന്ത്യ’ എന്ന പുസ്തകത്തിലാണ് രാഹുലിനടുത്തെത്താന്‍ ശ്രമിച്ച് അദാനി പരാജയപ്പെട്ടെന്ന വെളിപ്പെടുത്തലുള്ളത്.ഇതിനായി ചുക്കാൻ പിടിച്ചത് പാർട്ടി നേതാക്കൾ തന്നെയാണെന്നും രജ്ദീപ് സർദേശായി പറയുന്നുണ്ട്.
അഹമ്മദ് പട്ടേലും കമൽ നാഥുമായിരുന്നു ഇതിനായി മുഖ്യമായി പ്രവർത്തിച്ചത്. രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വദ്രയും അദാനിയെ രാഹുലിന്റെ അടുത്തെത്തിക്കാൻ കിണഞ്ഞുശ്രമിച്ചു.
എന്നാൽ നടന്നില്ലെന്ന് പുസ്തകത്തിൽ പറയുന്നു.’ഡൽഹിയിൽ ഒരു മീറ്റിംഗ് സംഘടിപ്പിക്കാൻ വലിയ ശ്രമം തന്നെ ഉണ്ടായി. അഹമ്മദ് പട്ടേലും കമൽനാഥും വഴിയായിരുന്നു ഈ നീക്കം ഉണ്ടായത്. എന്നാൽ ഒരിക്കൽ പോലും ഇക്കാര്യം പറഞ്ഞ് രാഹുലിനെ അവർക്ക് സ്വാധീനിക്കാൻ കഴിഞ്ഞില്ല’, പുസ്തകത്തിലെ വരികൾ ഇങ്ങനെയാണ്എൻസിപി നേതാവ് ശരദ് പവാർ വഴിയും രാഹുലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പുസ്തകത്തിലുണ്ട്.
അദാനിക്ക് ശരദ് പവാറുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ആ വഴിയും അദാനി ഒരിക്കൽ ശ്രമിച്ചുനോക്കിയിരുന്നു. എന്നാൽ ശരദ് പവാർ അതിൽ നിന്നും മാറിനിൽക്കുകയാണുണ്ടായത് എന്ന് പുസ്തകത്തിൽ പറയുന്നു.രാഹുൽ-അദാനി പോരിന്റെ ഒരു ചരിത്രവും പുസ്തകത്തിലൂടെ രജ്ദീപ് സർദേശായി വിവരിക്കുന്നുണ്ട്.
രാഹുലിന് ചുറ്റും ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഒരു സംഘമുണ്ടെന്നും അവരാണ് തനിക്കെതിരെയുള്ള നിരവധി കാര്യങ്ങൾ രാഹുലിനെ പറഞ്ഞുപഠിപ്പിക്കുന്നതെന്നുമാണ് അദാനിയുടെ വാദം.
2014ന് മുൻപായി രാഹുലിന് ഒരു കോൺഗ്രസ് നേതാവ് മോദി-അദാനി ബന്ധത്തെപ്പറ്റി ഒരുപാട് വിശദീകരിച്ചെന്നും അതിന് ശേഷമാണ്, അദാനിയോടൊപ്പമുള്ള മോദിയുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ആക്രമണം തുടങ്ങിയതെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.