രാജ്യത്ത് ഏറ്റവും പുതിയതായി സേവനം തുടങ്ങിയ വിമാനകമ്പനിയായ ആകാശ എയറിന്‍റെ സാമ്പത്തിനഷ്ടം കുത്തനെ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകാശയുടെ നഷ്ടം ഇരട്ടിയലധികമായാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ 744.5 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകാശ 1,670 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

അതേ സമയം വരുമാനം 2023ലെ 698.67 കോടി രൂപയില്‍ നിന്ന് നാലിരട്ടിയിലധികം വര്‍ധിച്ച് 3,069.58 കോടി രൂപയായി.അതേ സമയം ഈ സാമ്പത്തിക വര്‍ഷം ആകാശയുടെ പ്രവര്‍ത്തന ശേഷി മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്നും ലാഭത്തിലേക്കടുക്കുന്നതിന് മുമ്പ് സ്ഥിരത കൈവരിക്കാന്‍ സമയമെടുക്കുമെന്നും ആകാശ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അങ്കുര്‍ ഗോയല്‍ പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവ് 2023 സാമ്പത്തിക വര്‍ഷത്തിലെ 1,522 കോടി രൂപയില്‍ നിന്ന് മൂന്നിരട്ടിയിലധികം വര്‍ധിച്ച് 4,814.4 കോടി രൂപയായി. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന ശേഷി 50-55% വര്‍ദ്ധിക്കുമെന്നും ഇത് വരുമാനം 50% ഉയരുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്ലീറ്റ് വിപുലീകരണം, ബ്രാന്‍ഡിംഗ്, പൈലറ്റുമാരുടെ നിയമനം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കമ്പനി വന്‍തോതില്‍ നിക്ഷേപംനടത്തിയതായി ഗോയല്‍ പറഞ്ഞു. പലിശയും മറ്റ് സാമ്പത്തിക ചെലവുകളും 141.18 കോടി രൂപയില്‍ നിന്ന് ഏകദേശം മൂന്നിരട്ടി വര്‍ധിച്ച് 406.1 കോടി രൂപയായിട്ടുണ്ട്.കമ്പനി 150 വിമാനങ്ങള്‍ കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അങ്കുര്‍ ഗോയല്‍ പറഞ്ഞു.

ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്കായി ഈ വിമാനം ഉപയോഗിക്കും. പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറിലൂടെ ഈ ദശാബ്ദത്തിന്‍റെ അവസാനം ആകുമ്പോഴേക്കും ലോകത്തെ മികച്ച 30 എയര്‍ലൈനുകളില്‍ ഇടംപിടിക്കുകയാണ് ആകാശയുടെ ലക്ഷ്യം. 2022 ഓഗസ്റ്റില്‍ ആണ് ആകാശ പ്രവര്‍ത്തനം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *