ജീവിതത്തില്‍ കല്യാണം കഴിക്കേണ്ടെന്നത് താന്‍ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങള്‍ കാണാനും തുടങ്ങിയപ്പോഴാണ് താന്‍ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവര്‍ അഭിപ്രായപ്പെട്ടു. പുതിയ ചിത്രം ‘ഹലോ മമ്മി’യുടെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എട്ടാമത്തേയോ ഒമ്പതാമത്തേയോ, എന്തിന് എന്റെ 25-ാം വയസ്സിലോ 26-ാം വയസ്സിലോ പോലും ചോദിച്ചാല്‍, ഗുരുവായൂര്‍ അമ്പലത്തില്‍ താലികെട്ടണം, തുളസിമാല വേണം എന്നിങ്ങനെ ആഗ്രഹമുണ്ടായിരുന്നു. അത് എന്നില്‍ അടിച്ചേല്‍പ്പിച്ചതായിരുന്നു.
അമ്മ ഭക്തയായിരുന്നതിനാല്‍ ഞങ്ങള്‍ എല്ലാ മാസവും ഗുരുവായൂര്‍ അമ്പലത്തില്‍ പോവുമായിരുന്നു. എല്ലാ യാത്രകളും ഗുരുവായൂര്‍ അമ്പലത്തിലേക്കായിരുന്നു. വേറെ ഒരിടത്തും ട്രിപ്പ് പോകില്ല. അവിടെ കണ്ട കല്യാണങ്ങളില്‍നിന്നാണ് ഈ ചിത്രം മനസ്സില്‍ പതിഞ്ഞത്. വലുതാവുമ്പോള്‍ അവിടെ കല്യാണം നടത്തണമെന്നായിരുന്നു വലിയ ആഗ്രഹം.
എന്നാല്‍, വലുതാവുമ്പോള്‍ ചിന്തിക്കാന്‍ തുടങ്ങുകയും ചുറ്റുമുള്ള വിവാഹങ്ങള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു. ആളുകള്‍ സന്തോഷവാന്മാരല്ലെന്ന് കാണാന്‍ തുടങ്ങി. എന്റെ 34 വയസ്സിനിടെ കല്യാണം കഴിച്ച് ഇപ്പോഴും സന്തോഷത്തോടെ ഇരിക്കുന്ന ഒരേയൊരു കുടുംബത്തെയാണ് കണ്ടത്.
അവര്‍ക്കത് എങ്ങനെ സാധിച്ചു എന്നറിയില്ല, അവര്‍ മലയാളി കുടുംബമല്ല. അവരെ മാത്രമേ എനിക്കറിയുള്ളൂ. ബാക്കി എല്ലാവരും വിട്ടുവീഴ്ച ചെയ്യുകയും ബുദ്ധിമുട്ടുകളിലുമാണ്. വ്യക്തിപരമായി അവര്‍ക്ക് വളര്‍ച്ചയില്ല. എനിക്ക് ബോധവും ബുദ്ധിയും വന്നപ്പോള്‍, എനിക്ക് ആവശ്യമുള്ളത് ഇതല്ലെന്ന് മനസിലായി.