മാനന്തവാടി: വിരുന്നെത്തിയ വെളളിമൂങ്ങ വീട്ടിൽ കൂടൊരുക്കി, ഇപ്പോൾ കൂട്ടിൽ അഞ്ച് കുഞ്ഞുങ്ങളുമായി. വയനാട് മാനന്തവാടി ഒഴക്കൊടിയിലെ പാലയ്ക്കാപ്പറമ്പിൽ റോബിന്റെ വീട്ടിലാണ് വെളളിമൂങ്ങ കുഞ്ഞുങ്ങളുമായി താമസിക്കുന്നത്. ഒരു മാസം മുമ്പാണ് വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്.
തെങ്ങോലയിൽ ഇരിക്കുന്ന അപൂർവ്വ ഇനം പക്ഷി അന്ന് റോബിനും കുടുംബത്തിനും കൗതുകക്കാഴ്ചയായിരുന്നു.
പിന്നീട് സന്ധ്യാസമയത്ത് സ്ഥിരമായി വെള്ളിമൂങ്ങയെ ആ തെങ്ങിൽ കണ്ടുതുടങ്ങി. വീട്ടിൽ അതിഥികളായെത്തുന്നവരും വെള്ളിമൂങ്ങയെ കാത്തിരുന്ന് കണ്ടുമടങ്ങി. പിന്നീടൊരിക്കൽ റോബിനും കുടുംബവും കണ്ടത് വെള്ളിമൂങ്ങകൾ കൂട്ടമായി തെങ്ങിലിരിക്കുന്നതാണ്. പ്രദേശത്ത് വെളളിമൂങ്ങ വരാറുള്ള കാര്യം വനം വകുപ്പിലും അറിയിച്ചു.
ഇതിനിടെ ഒരു മാസം മുമ്പ് റോബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ ദുർഗന്ധം പരന്ന് തുടങ്ങി, വീടും പറമ്പും മുഴുവനും പലതവണ വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ല. പിന്നീട് രാത്രിയിൽ പാമ്പിന്റേതിന് സമാനമായ ശബ്ദം കൂടി കേട്ട് തുടങ്ങിയതോടെ വീട്ടുകാരുടെ ഉറക്കവും പോയി.
എത്ര പരതിയിട്ടും ഒന്നും കാണാതെ ആശങ്കപ്പെട്ട് നിൽക്കുമ്പോളാണ് ഒരു വെള്ളിമൂങ്ങ എലിയേയും കൊണ്ട് വീടിന്റെ സൺഷേഡിന്റെ മൂലയിലേക്ക് പറന്നുവരുന്നത് റോബിനും കുടുംബവും കാണുന്നത്.
കുറച്ചുകഴിച്ച് ഒരു കോണി വെച്ച് കയറി നോക്കിയപ്പോൾ കണ്ടത് വെള്ളിമൂങ്ങയേയും തൂവൽ മുളച്ചുവരുന്ന അഞ്ച് കുഞ്ഞുങ്ങളേയും.കുഞ്ഞുങ്ങൾക്ക് കഴിക്കാനായി തള്ള മൂങ്ങ കൊത്തിക്കൊണ്ടുവരുന്ന തവളയുടേയും എലിയുടേയും അവശിഷ്ടങ്ങളും ചുറ്റിലും ഉണ്ടായിരുന്നു.
കുഴക്കിയ ദുർഗന്ധവും പേടിപ്പിച്ച ശബ്ദവും വെള്ളിമൂങ്ങയുടെ കൂട്ടിൽ നിന്നാണെന്ന് മനസ്സിലായതോടെ ഇവരുടെ പേടി മാറി. വീടിന്റെ എയർഹോൾസ് അടച്ചതോടെ വീടിനകത്തെ ദുർഗന്ധവും മാറി. റോബിൻ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടിൽ എത്തി.
തീരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ അവിടെ നിന്നും മാറ്റിയാൽ ചത്തുപോകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്.വെള്ളിമൂങ്ങയും കുടുംബവും തന്റെ വീട്ടിൽ താമസിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്ന് റോബിനും വനംവകുപ്പിനെ അറിയിച്ചു.
സ്വയം പറന്നു പോകുന്നതുവരെയോ വനംവകുപ്പ് കൊണ്ടുപോകുന്നതു വരയോ അവർ സുരക്ഷിതരായി അവിടെ ഇരിക്കട്ടെ എന്നാണ് റോബിൻ പറയുന്നത്. വീട്ടിലേയും പറമ്പിലേയും എലി ശല്യവും വെള്ളിമൂങ്ങ വന്ന ശേഷം ഇല്ലാതായി എന്ന ആശ്വാസവും ഇവർക്കുണ്ട്.
വിരുന്നെത്തി വീട്ടിലെ താമസക്കാരായി മാറിയ വെള്ളി മൂങ്ങകളുടെ ഫോട്ടോയും വീഡിയോയും എല്ലാം ഇവർ എടുത്തുവെച്ചിട്ടുണ്ട്, എന്നെങ്കിലും പറന്നുപോയാലും അവരുടെ ഓർമയ്ക്കായി!