അല്ലു അര്‍ജുന്‍റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് പുഷ്പ. തെന്നിന്ത്യയില്‍ അതിന് മുന്‍പും വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നെങ്കിലും ഈ താരത്തെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് പുഷ്പ ആയിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അല്ലുവിന് വലിയ പ്രേക്ഷകവൃന്ദമുള്ള ഇടമാണ് കേരളം. ഇപ്പോഴിതാ പുഷ്പ 2 ന്‍റെ കേരളത്തിലെ ഫാന്‍സ് ഷോ കൗണ്ട് പുറത്തെത്തിയിരിക്കുകയാണ്.കേരളത്തിലെ 14 ജില്ലകളിലും ചിത്രത്തിന് ഫാന്‍സ് ഷോകള്‍ ഉണ്ട്.

റിലീസ് ദിനമായ ഡിസംബര്‍ 5 ന് പുലര്‍ച്ചെ 4 ന് കേരളത്തില്‍ അങ്ങോളമിങ്ങോളമായി 82 ഷോകളാണ് ചിത്രത്തിന് ഉള്ളത്. ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാരായ ഇ 4 എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം ഇത് ഇനിഷ്യല്‍ കണക്ക് ആണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

റിലീസിന് ഇനിയും രണ്ടാഴ്ചയോളം ശേഷിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഫൈനല്‍ സംഖ്യ ഇതിലും ഏറെമുകളിലായിരിക്കും.

സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫഹദ് അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തിന് രണ്ടാം ഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

രശ്മിക മന്ദാന, ജഗദീഷ് പ്രതാപ് ഭണ്ഡാരി, ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ്, റാവു രമേശ്, അജയ് ഘോഷ്, ധനഞ്ജയ തുടങ്ങി വലിയ താരനിരയാണ് പുഷ്പ 2 ല്‍ അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *