ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനകം തന്നെ ഇരുടീമിലെ താരങ്ങളും മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മത്സരവുമായി ബന്ധപ്പെട്ട തങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്.

ഇപ്പോഴിതാ പരമ്പര വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യയും ഓസീസും ഇത്തവണ കൊമ്പുകോര്‍ക്കുന്നത്. പകലും രാത്രിയുമായി നടക്കുന്ന ഒരു പിങ്ക് ബോള്‍ ടെസ്റ്റും ഇതിൽ ഉൾപ്പെടും.

കഴിഞ്ഞ രണ്ടു തവണയും ഓസ്ട്രേലിയയെ അവരുടെ നാട്ടില്‍ തകര്‍ത്ത് കിരീടം ചൂടാന്‍ ഇന്ത്യക്കായിരുന്നു. എന്നാൽ ഇത്തവണഇന്ത്യയെ തോൽപ്പിച്ച് ഓസ്‌ട്രേലിയ പരമ്പര നേടുമെന്നാണ് ഹോഗിന്റെ പ്രവചനം.നാട്ടിലെ പിച്ചുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ടീമിലെ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണായകമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാസിൽവുഡ് എന്നിവരുള്‍പ്പെടുന്ന വളരെ അപകടകാരികളായ പേസ് ത്രയമാണ് ഓസീസിനുള്ളത്. ‘ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിങ്ങള്‍ ഓസ്‌ട്രേലിയക്കൊപ്പം നില്‍ക്കണമെന്നാണ് എനിക്ക് തോന്നുന്നത്.

3-2 ന് ഇത്തവണ ഓസീസ് ജയിക്കും. കാരണം പെര്‍ത്ത്, ബ്രിസ്ബണ്‍, അഡ്‌ലെയ്ഡ് തുടങ്ങിയവയെല്ലാം ഓസീസ് താരങ്ങൾക്ക് പരിചിതമാണ്’ ഹോഗ് പറഞ്ഞു.ഇന്ത്യൻ ടീമിനെ കുറിച്ചും ഹോഗ് തന്റെ നിരീക്ഷണം പങ്കുവെച്ചു.

സമീപ കാലത്ത് ഇന്ത്യയ്ക്ക് പഴയ ശക്തിയില്ലെന്നും രോഹിത്, വിരാട് കോഹ്‌ലി അടക്കമുള്ള മുതിർന്ന താരങ്ങൾക്ക് ഈ പരമ്പര നിർണ്ണായകമാകുമെന്നും ഹോഗ് പറഞ്ഞു.

അതേ സമയം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് തുടര്‍ച്ചയായി മൂന്നാം തവണയും യോഗ്യത നേടണമെങ്കില്‍ ഓസീസിനതിരെ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.

4-0 നെങ്കിലും പരമ്പര സ്വന്തമാക്കാനായാല്‍ മാത്രമേ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഫൈനൽ യോഗ്യത നേടാനാകുകയുള്ളൂ. സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനെതിരെ നടന്ന പരമ്പര 3-0 ന് അടിയറവ് പറഞ്ഞതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *