പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ അഞ്ചുവരെയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത പ്രതികളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പൊലീസ് റിമാന്‍ഡില്‍ വിട്ടത്.അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെയാണ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡില്‍ വിടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് മരിച്ചത്.

ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.

അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.

അമ്മുവിന്റെ ഡയറിയില്‍ നിന്നും ലഭിച്ച ഐ ക്വിറ്റ് എന്ന എഴുത്ത് ലഭിച്ചതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ ഡയറിയിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് പിതാവ് പറഞ്ഞു. അമ്മുവിന് ഡയറി എഴുതുന്ന സ്വഭാവമില്ലെന്നും മറ്റാരെങ്കിലും എഴുതിയതാകാമെന്നും കുടുംബം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *