ഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാഘവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തെന്നും പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് പറയുന്നത്.

ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം.ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളായിരുന്ന കിരണ്‍ പാല്‍ (28) ആണ് വെള്ളിയാഴ്ച രാത്രി പട്രോളിങ്ങിനിടെ മൂന്നംഗസംഘത്തിന്റെ കുത്തേറ്റ് മരിച്ചത്.

ഗോവിന്ദ്പുരി മേഖലയിലായിരുന്നു സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ദീപക് മാക്സ് (20), കൃഷ് ഗുപ്ത (18) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട രാഘവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ സംഗം വിഹാറിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് പൊലീസ് ഇവിടെ എത്തുകയും രാഘവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന് തയ്യാറാകാതിരുന്ന രാഘവ് പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്കുനേരെ വെടിയുതിര്‍ത്തു എന്നാണ് പൊലീസിന്റെ വിശദീകരണം. സ്വയംരക്ഷയ്ക്ക് തങ്ങള്‍ തിരിച്ച് വെടിയുതിര്‍ത്തതോടെ രാഘവിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.വെള്ളിയാഴ്ച രാത്രി കവര്‍ച്ച ലക്ഷ്യമാക്കി സ്‌കൂട്ടറില്‍ പോകുകയായിരുന്നു രാഘവ് അടക്കമുള്ള സംഘം. മോട്ടോര്‍സൈക്കിളില്‍ പട്രോളിങ് നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍ കിരണ്‍ ഇവരെ കാണുകയും ചോദ്യംചെയ്യുകയും ചെയ്തു. എന്നാല്‍ ഇവര്‍ കിരണിന് നേരെ കല്ലെറിഞ്ഞ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് കിരണ്‍, ഇവരുടെ സ്‌കൂട്ടറിന് കുറുകേ തന്റെ മോട്ടോര്‍ സൈക്കിള്‍വെയ്ക്കുകയും അവരുടെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തു. തൊട്ടുപിന്നാലെ മൂവര്‍ സംഘത്തിലൊരാള്‍ കത്തിയെടുത്ത് കിരണിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *