സണ്‍ ഓഫ് സർദാർ സംവിധായകന്‍ അശ്വനി ദിറിന്റെ മകന്‍ ജലജ് ദിര്‍(18) കാറപകടത്തില്‍ മരിച്ചു. നവംബര്‍ 23ന് വില്‍ പാര്‍ലേയിലെ വെസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ഡ്രൈവിന് പോയ കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.

ജലജിന്റെ സുഹൃത്തായ സഹില്‍ ആയിരുന്നു കാറോടിച്ചത്. സഹില്‍ മദ്യലഹരിയിലായിരുന്നു.

സഹിലും മറ്റൊരു സുഹൃത്തായ ജിദാനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ജലജിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ജോഗേശ്വരി ഈസ്റ്റ് ആശുപത്രിയിലും പിന്നീട് കോകിലബെന്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറഞ്ഞതിങ്ങനെ. കൂട്ടുകാരന്റെ വീട്ടില്‍ നിന്ന് മദ്യപിച്ചതിന് ശേഷം 22ന് രാത്രി 11 മണിയോടെയാണ് സഹില്‍ ജലജിന്റെ വീട്ടിലെത്തിയത്.

ഏറെ നേരം വീട്ടില്‍ കഴിഞ്ഞതിന് ശേഷം രാത്രി 3 മണിയോടെയാണ് ഡ്രൈവിനായി മൂവരും പുറത്തിറങ്ങിയത്. ആദ്യം ജിദാനായിരുന്നു കാറോടിച്ചിരുന്നത്.

പിന്നീട് സഹില്‍ ഡ്രൈവിങ് ഏറ്റെടുത്തു. 120-150 കിലോമീറ്റര്‍ വേഗതയിലാണ് സഹില്‍ കാറോടിച്ചിരുന്നതെന്ന് ജിദാന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ജിദാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് സഹിലിനെ അറസ്റ്റ് ചെയ്തു.

“സണ്‍ ഓഫ് സര്‍ദാര്‍, വണ്‍ ടു ത്രീ, ഗസ്റ്റ് ഇന്‍ ലണ്ടന്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അശ്വനി ദിര്‍. സിനിമകള്‍ക്ക് പുറമേ നിരവധി ടിവി സീരിയലുകളും അശ്വ സംവിധാനം ചെയ്തിട്ടുണ്ട്.

അപകടസമയത്ത് അശ്വനി ഗോവയില്‍ ഐഎഫ്എഫ്‌ഐയില്‍ പങ്കെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഹിസാബ് ബറാബറിന്റെ വേള്‍ഡ് പ്രീമിയര്‍ ഷോ ഗോവയിലാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *