വിരാട് കോഹ്‌ലി ക്യാപ്റ്റനായി തിരികെയെത്തുമോ എന്ന അഭ്യൂഹമാണ് ലേലം വിളിയേക്കാൾ ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുന്നത്. കോഹ്‌ലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകനായ താരമാണ് വിരാട് കോഹ്‌ലി.
ഇപ്പോഴിതാ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരവും ആർസിബിയിൽ കോഹ്‌ലിയുടെ സഹ താരവുമായിരുന്ന എബി ഡിവില്ലിയേഴ്സ്.
ഇത്തവണ വിരാട് കോഹ്‌ലി തന്നെയാവും ക്യാപ്റ്റനെന്ന് ഞാൻ കരുതുന്നു, ടീമിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം ഒന്നും വന്നില്ലെങ്കിൽ പോലും ടീം ലൈനപ്പ് കാണുന്ന ആർക്കും ഇത് മനസ്സിലാക്കാവുന്നതാണ്, വിരാട് കോഹ്‌ലിക്ക് ആശംസകൾ’, യൂട്യൂബ് ചാനലിൽ എബിഡി പറഞ്ഞു.
നായകനെന്ന നിലയിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള താരമാണ് കോഹ്‌ലിയെന്നും ടീമിനെ നാല് തവണ പ്‌ളേ ഓഫ് കാണിക്കാനും ഒരു തവണ ഫൈനലിലെത്തിക്കാനും താരത്തിന് സാധിച്ചുവെന്നും പുതിയ സീസണിൽ ബെംഗളുരുവിലേക്ക് കന്നിക്കിരീടം കൊണ്ടുവരാൻ സാധിക്കട്ടെയെന്നും എബിഡി പറഞ്ഞു.
ആർസിബിയുടെ ഇത്തവണത്തെ ടീം സെലക്ഷനെയും മുൻ താരം പുകഴ്ത്തി. ഭുവനേശ്വര്‍ കുമാറിനെ ലേലത്തിൽ ടീമിലെത്തിച്ചത് നിർണ്ണായകമാകുമെന്നും ഭുവിക്കൊപ്പം ഹാസില്‍വുഡ്, നുവാന്‍ തുഷാര, ലുങ്കി എൻഡിഗി എന്നിവർ ചേരുമ്പോൾ പേസ് നിര ശക്തമാകുമെന്നും പറഞ്ഞ എബി ഇരു വശത്തേക്കും പന്ത് തിരിക്കാൻ പറ്റുന്ന സ്പിന്നർമാരില്ലാത്തത് നഷ്ടമാണെന്നും ചൂണ്ടികാട്ടി.