പാലക്കാട്: സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെൻ്റ് തോമസ് എരിമയൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. സ്കൂൾ വിട്ട് ബസിലെത്തിയ ത്രിതിയ ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്.
റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിച്ച് സംസ്കരിക്കും.
പാലക്കാട് തന്നെ മറ്റൊരു അപകടത്തിൽ അച്ഛനും മകൾക്കും പരുക്കേറ്റു. പട്ടാമ്പി തെക്കുമുറിയിൽ കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. മുതുതല കൊഴിക്കോട്ടിരി സ്വദേശികളായ സുനിൽകുമാർ മകൾ അജിത എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് ഇടിച്ചത്. സ്കൂട്ടറിൽ ഇടിച്ച വാഹനം നിർത്താതെ പോയി. പിന്നാലെ പട്ടാമ്പി പൊലീസ് കേസെടുത്തു