ചണ്ഡീഗഡ്: വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യൻ പേസര്‍ സിദ്ധാര്‍ത്ഥ് കൗൾ. ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 34കാരനായ സിദ്ധാര്‍ത്ഥ് കൗള്‍ ഇനി വിദേശ ലീഗില്‍ കളി തുടരുമെന്നാണ് കരുതുന്നത്. ആറ് വര്‍ഷം മുമ്പാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ചത്.ഇന്ത്യക്കായി ആറ് മത്സരങ്ങളില്‍ മാത്രമാണ് സിദ്ധാര്‍ത്ഥ് കൗളിന് കളിക്കാനായത്.
2018 ജൂണ്‍ മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്ന് ഏകദിനത്തിലും മൂന്ന് ടി20 മത്സരങ്ങളിലുമാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യക്കായി കളിച്ചത്. മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബ് ആദ്യമായി കിരീടം നേടിയ കഴിഞ്ഞ സീസണില്‍ 10 കളികളില്‍ 16 വിക്കറ്റുകള്‍ നേടിയ കൗള്‍ തിളങ്ങിയിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്ത്തിയ കൗള്‍ ആയിരുന്നു പഞ്ചാബിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളർ. എന്നാല്‍ ഈ സീസണിൽ പഞ്ചാബിനായി രണ്ട് രഞ്ജി മത്സരങ്ങളില്‍ പഞ്ചാബിനായി കളിച്ച കൗളിന് വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല.
17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 88 മത്സരങ്ങളില്‍ 297 വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗള്‍, ലിസ്റ്റ് എ ക്രിക്കറ്റില്‍ 199 വിക്കറ്റുകളും ടി20കളില്‍ 182 വിക്കറ്റും നേടിയിട്ടുണ്ട്.പതിനേഴാം വയസില്‍ പഞ്ചാബ് ടീമിലെത്തിയ സിദ്ധാര്‍ത്ഥ് കൗള്‍ മലേഷ്യയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ കിരീടം നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു.
എന്നാല്‍ പിന്നീട് പുറത്തേറ്റ പരിക്കുമൂലം അഞ്ച് വര്‍ഷത്തോളം സിദ്ധാര്‍ത്ഥ് കൗളിന്റെ കരിയറില്‍ ഇടവേളവന്നു. 2007നു 2012നും ഇടയില്‍ വെറും ആറ് ആഭ്യന്തര മത്സരങ്ങളില്‍ മാത്രമാണ് കൗള്‍ കളിച്ചത്. എന്നാല്‍ വിരമിക്കുമ്പോള്‍ മുഷ്താഖ് അലിയിലും(120) വിജയ് ഹസാരെയിലും(155) ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായാണ് കൗള്‍ ഗ്രൗണ്ട് വിടുന്നത്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെ 2018ല്‍ അയര്‍ലന്‍ഡ് പര്യടനത്തിൽ ഇന്ത്യൻ ടീമില്‍ കൗള്‍ അരങ്ങേറി. 2017 ഐപിഎല്ലില്‍ 10 കളികളില്‍ 16ഉം 20018ല്‍ റണ്ണേഴ്സ് അപ്പായ ഹൈദരാബാദിനായി 21 വിക്കറ്റും വീഴ്ത്തി കൗള്‍ തിളങ്ങി.
ഐപിഎല്ലില്‍ 55 മത്സരങ്ങളില്‍ 58 വിക്കറ്റുകളാണ് സമ്പാദ്യം. ഹൈദരാബാദിന് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകള്‍ക്കായും കൗള്‍ കളിച്ചിട്ടുണ്ട്.
കരിയറില്‍ ഇനിയും മൂന്നോ നാലോ വര്‍ഷം കൂടി ബാക്കിയുണ്ടെന്നും വിദേശ ലീഗുകളില്‍ അവസരം തേടുകയാണ് ലക്ഷ്യമെന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് കൗള്‍ വ്യക്തമാക്കിയിട്ടുണ്ട്.