ആലപ്പുഴയിൽ അപൂർവ്വ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സ്കാനിങ് ലാബുകൾക്കെതിരെ പ്രാഥമിക റിപ്പോർട്ട് നൽകിയ ജില്ലാതല അന്വേഷണ സമിതി പിരിച്ചു വിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജ് നിയോഗിച്ച അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ജില്ലാതലസംഘവും നൽകുന്ന റിപ്പോർട്ട് വ്യത്യസ്തമായാൽ വിവാദമാകുമെന്ന് തിരിച്ചറിഞ്ഞാണ് ജില്ലാ അന്വേഷണ സമിതിയെ പിരിച്ചുവിട്ടത്.
ഇനി സംഭവം അന്വേഷിക്കുക ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതി മാത്രമായിരിക്കും. സ്കാനിങ് റിപ്പോർട്ടിൽ ഒരേ ഡോക്ടർക്ക് രണ്ട് ഒപ്പ് കണ്ടെത്തിയ സംഭവവും ആരോഗ്യവകുപ്പ് അന്വേഷിക്കും. കൂടാതെ കുഞ്ഞിനെ ജനിതക പരിശോധനയ്ക്ക് വിധേയമാക്കും.
തെളിവുകൾ ശേഖരിക്കാൻ സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും.ജില്ലാമെഡിക്കൽ ഓഫീസർ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ആശുപത്രിയിലെ ഡോക്ടർമാർ കുറ്റക്കാരല്ല.
സ്വകാര്യ ലാബുകളുടെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നും പരാമർശം ഉണ്ടായിരുന്നു. വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണവിവരങ്ങൾ പുറത്തുവിടരുതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശവും നൽകിയിട്ടുണ്ട്കുഞ്ഞിന് ജന്മം നൽകിയ സ്ത്രീയുടെ സ്കാനിങ് റിപ്പോർട്ടുകളിൽ ഒരേ ഡോക്ടറുടെ രണ്ട് ഒപ്പുവന്നതിനെക്കുറിച്ചും ആരോഗ്യവകുപ്പ് അന്വേഷിക്കും.
മിഡാസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഒരേ ഡോക്ടർ രണ്ട് ഒപ്പിട്ടതായി കണ്ടെത്തിയിട്ടുള്ളത്. കുഞ്ഞിന്റെ പിതാവ് ഇതുസംബന്ധിച്ച് പരാതി നൽകി. റിപ്പോർട്ടിൽ കൃത്രിമം നടന്നതായുള്ള സംശയത്തെത്തുടർന്നാണിത്.
അസാധാരണ രൂപത്തിന്റെ കാരണം കണ്ടെത്താൻ ജനിതക വൈകല്യമുണ്ടായതാണോ എന്നറിയാൻ ജനിതക പരിശോധന നടത്തും. അമ്മയുടെയും കുഞ്ഞിന്റെയും രക്തസാമ്പിളുകൾ തിരുവനന്തപുരത്തേക്ക് അയയ്ക്കും.
ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആരോപണ വിധേയമായ സ്വകാര്യ ലാബുകളിൽ എത്തി സിസിടി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചു തുടങ്ങി.