വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി സംസാരിച്ചത്.ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോടൊപ്പം ചേർന്നു നിൽക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.
‘നിലവിൽ അധികാരത്തിൽ ഇല്ലാത്തതുകൊണ്ട് ഒരു സർക്കാരിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇപ്പോൾ ഞങ്ങൾക്ക് ചെയ്യാൻ സാധിക്കില്ല.
എന്നാൽ ദുരിതബാധിതരായ ആളുകളെ സഹായിക്കാൻ വേണ്ടി സർക്കാരിനോട് സമ്മർദ്ദം ചെലുത്തണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ടു’ എന്നും രാഹുൽ പറഞ്ഞു.
കഫെ ജൂലൈ 30 എന്ന വയനാട്ടിലെ നൗഫലിന്റെ കഫേയെക്കുറിച്ചും രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ദുരന്തത്തിൽ ഉറ്റവരായ പതിനൊന്നു പേരെ നഷ്ടപ്പെട്ട നൗഫൽ ജൂലൈ 30 എന്ന പേരിൽ കഫേ ആരംഭിച്ചിരുന്നു.
ആ കഫേയിൽ പോയി ഞാൻ അദ്ദേഹത്തിന് പിന്തുണ നൽകും. അതുവഴി പോകുന്ന എല്ലാവരും ആ കഫേയിൽ പോകണം. അവിടെ നിന്ന് കോഫി കുടിക്കണം. അതിലൂടെ നിങ്ങൾ ചെയ്യുന്നത് അവർക്ക് ആത്മവിശ്വാസം നൽകുകയാണ്- രാഹുൽ ഗാന്ധി പറഞ്ഞു.