നടന് അല്ലു അര്‍ജുനെതിരെ പരാതി. ആരാധകരെ ആര്‍മി (സൈന്യം) എന്ന് വിളിച്ചതിനുപിന്നാലെയാണ് അല്ലുവിനെതിരെ പരാതി വന്നത്. ഗ്രീന്‍ പീസ് എന്‍വയോണ്‍മെന്റ്, വാട്ടര്‍ ഹാര്‍വെസ്റ്റിങ് ഫൗണ്ടേഷന് എന്നീ സംഘടനകളുടെ പ്രസിഡന്റായ ശ്രീനിവാസ് ഗൗണ്ടാണ് അല്ലു അര്‍ജുനെതിരെ ഹൈദരബാദ് ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പുഷ്പ 2 ദി റൂളിന്റെ മുംബൈയിലെ പ്രമോഷനിടെ ആരാധകരെ കുടുംബമായിട്ടാണ് കാണുന്നതെന്നും അവരുടെ പിന്തുണ ഒരു സൈന്യത്തിന്റേതുപോലെയാണെന്നുമാണ് അല്ലു പറഞ്ഞത്. എന്നാല്‍ സൈന്യവുമായുള്ള ഉപമ അനാദരവാണെന്നും സൈന്യം ചെയ്ത ത്യാഗങ്ങളെ കുറച്ചുകാണിക്കുന്നതുമാണെന്ന് പരാതിയില്‍ പറയുന്നു.
രാജ്യസേവനത്തിനുള്ള പേരാണ് സൈന്യം എന്നും അത് ഒരു ഫാന്‍ ക്ലബ്ബിന് നല്‍കാനാവില്ലെന്നും ശ്രീനിവാസ് പറഞ്ഞു. കേരളത്തിലെ പ്രമോഷനിടയിലും ആരാധകരെ അല്ലു സൈന്യം എന്ന് വിളിച്ചിരുന്നു.
ഡിസംബര്‍ അഞ്ചിനാണ് പുഷ്പ റിലീസ് ചെയ്യുന്നത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.