ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് കൂടുന്നു. നവംബർ മാസത്തിൽ മേഖലയിലെ ശരാശരി താപനില ആദ്യമായി 20 ഡിഗ്രി സെൽഷ്യസ് കടന്നു. നവംബറിൽ ഇതുവരെ അനുഭവപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി ) വ്യക്തമാക്കി.
രാജ്യത്താകമാനവും താപനില ഉയർന്നുനിൽക്കുന്ന സാഹചര്യമാണെന്നാണ് റിപ്പോർട്ട്. രാജ്യത്ത് നവംബറിൽ ഇതുവരെ അനുഭവപ്പെട്ടതിൽ രണ്ടാമത്തെ ഉയർന്ന താപനിലയാണിത്. 2016 നവംബറിലായിരുന്നു ഇതിനുമുമ്പ് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നവംബറിലെ ഉത്തരേന്ത്യയിലെ ശരാശരി താപനില 20.14 ഡിഗ്രി സെൽഷ്യസായിരുന്നു. ഇത് സാധാരണയേക്കാൾ 1.4 ഡിഗ്രി കൂടുതലാണ്. ഐഎംഡി ഡാറ്റ പ്രകാരം 1977 നവംബറിൽ രേഖപ്പെടുത്തിയ 19.87 ഡിഗ്രി സെൽഷ്യസാസായിരുന്നു ഇതിന് മുമ്പ് നവംബർ മാസത്തിൽ ഉത്തരേന്ത്യയിലെ ഏറ്റവും ഉയർന്ന ശരാശരി താപനില.
രാജ്യത്തെ നവംബറിലെ ശരാശരി താപനില 29.37 ഡിഗ്രി സെൽഷ്യസായിരുന്നു.ഒക്ടോബർ മാസത്തിലും ഉയർന്ന താപനിലതന്നെയായിരുന്നു അനുഭവപ്പെട്ടത്.
രാജ്യത്ത് മൺസൂണിന് ശേഷമുള്ള മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന താപനിലയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഡിസംബർ-ഫെബ്രുവരി കാലയളവിലെ താപനില പ്രവചനം പുറത്തുവിട്ടുക്കൊണ്ട് ഐഎംഡി പറഞ്ഞു.ചൂടിന് പിന്നിലെ പ്രധാന ഘടകം രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥയാണെന്ന് ഐഎംഡി വ്യക്തമാക്കുന്നു.
സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 55% കുറവാണ് ഇത്തവണ ഇന്ത്യയിൽ ലഭിച്ചത്. ഈ കാലയളവിൽ വടക്കുകിഴക്കൻ മൺസൂൺ സജീവമായ ദക്ഷിണേന്ത്യയിൽ പോലും 38% കുറവുണ്ടായതായി ഐഎംഡിയുടെ കണക്കുകൾ ചൂണ്ടികാണിക്കുന്നു.ശൈത്യകാലത്ത് (ഡിസംബർ-ഫെബ്രുവരി), ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രാവും പകലും സാധാരണയേക്കാൾ കുറവായിരിക്കുമെന്ന് ഐഎംഡി പറഞ്ഞു.
കഠിനമായ തണുപ്പ് സാധാരണയേക്കാൾ കുറവായിരിക്കും. തെക്ക്, മധ്യ-കിഴക്കൻ സംസ്ഥാനങ്ങളിൽ രാത്രി താപനില സാധാരണയേക്കാൾ വളരെ കൂടുതൽ അനുഭവപ്പെടുമെന്നും ഐഎംഡി വ്യക്തമാക്കി.”