ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരവും ഒളിംപ്യനുമായ പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും പോസിഡെക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട്ട ദത്ത സായ് ആണ് വരൻ. ഡിസംബര്‍ 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും വിവാഹം.ഡിസംബര്‍ 20 മുതല്‍ വിവാഹത്തിന്‍റെ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് വിവരം.
വിവാഹശേഷം ഡിസംബര്‍ 24ന് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം ഒരുക്കും. രണ്ടുപേരുടെയും കുടുംബങ്ങള്‍ തമ്മില്‍ വർഷങ്ങളായുള്ള പരിചയമാണെന്നും എന്നാൽ കഴിഞ്ഞ മാസമാണ് വിവാഹക്കാര്യം തീരുമാനമായതെന്നും സിന്ധുവിന്റെ പിതാവ് പി.വി.രമണ വെളിപ്പെടുത്തി.
ജനുവരി മുതൽ സിന്ധു വീണ്ടും മത്സരരംഗത്ത് സജീവമാകുന്നതിലാണ് ഡിസംബറിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചതെന്നും രമണ കൂട്ടിച്ചേര്‍ത്തു.രണ്ടു വർഷത്തിലധികം നീണ്ടുനിന്ന കിരീടവരൾച്ചയ്ക്കു ശേഷം കഴിഞ്ഞ ദിവസം സയ്യിദ് മോദി ഇന്റർനാഷനൽ ബാഡ്മിന്റൻ ടൂർണമെന്റിൽ സിന്ധു വിജയിച്ചിരുന്നു.
ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് വെങ്കട്ട ദത്തയെന്ന്, അദ്ദേഹത്തെ പോസിഡെക്സ് ടെക്നോളജീസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കമ്പനി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ സൂചിപ്പിക്കുന്നു. ബാഡ്മിന്റൻ, ക്രിക്കറ്റ് തുടങ്ങിയ കായിക മേഖലകളും കൃത്യമായി ശ്രദ്ധിക്കുന്നയാളാണെന്ന് ഈ കുറിപ്പില്‍ നിന്ന് വ്യക്തമാണ്.