അജിത് നായകനാകുന്ന വിടാമുയർച്ചിക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഈ അടുത്ത് റിലീസ് ചെയ്ത സിനിമയുടെ ടീസറിന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതികരണവും ലഭിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ടീസർ റിലീസിന് പിന്നാലെ ഹോളിവുഡ് സ്റ്റുഡിയോയായ പാരമൗണ്ട് പിക്‌ചേഴ്‌സ് ലൈക്കയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ഹോളിവുഡ് ചിത്രമായ ബ്രേക്ക് ഡൗണിന്റെ റീമേക്കായാണ് വിടാമുയര്‍ച്ചി ഒരുങ്ങുന്നതെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.
ടീസറിന്റെ റിലീസിന് പിന്നാലെ വിഷ്വലുകളും ബ്രേക്ക്ഡൗണിൻ്റെ സീനുകളും പരിശോധിക്കുമ്പോൾ അജിത് ചിത്രം ഈ ഹോളിവുഡ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിച്ചിരിക്കുന്നത് എന്ന ചർച്ചകൾ സജീവമായി.
ഇതിന് പിന്നാലെയാണ് ഇപ്പോൾ പാരമൗണ്ട് പിക്‌ചേഴ്‌സ് 15 മില്യൺ യുഎസ് ഡോളർ (127 കോടി) നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക പ്രതികരണങ്ങൾ വന്നിട്ടില്ല.അതേസമയം പൊങ്കൽ റിലീസായി ജനുവരിയിൽ വിടാമുയർച്ചി തിയേറ്ററിലെത്തും. ടീസറിൽ അജിത്തിനൊപ്പം സിനിമയിലെ മറ്റു അഭിനേതാക്കളെയും കാണിക്കുന്നുണ്ട്.
‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’.
മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.