ട്വന്റി 20 ക്രിക്കറ്റിലെ എക്കാലത്തെയും ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തി ബറോഡ ക്രിക്കറ്റ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ ബറോഡ അടിച്ചെടുത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ്. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ 2024ൽ ഗാംബിയയ്ക്കെതിരെ അഞ്ചിന് 344 റൺസെന്ന സിംബാബ്‍വെ ക്രിക്കറ്റിന്റെ റെക്കോർഡാണ് ബറോഡ ടീം തിരുത്തിക്കുറിച്ചത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇതാദ്യമായാണ് ഒരു ടീം 300 റൺസ് കടക്കുന്നതെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.ക്രുണാൽ പാണ്ഡ്യ നയിക്കുന്ന ബറോഡ ടീമിൽ 134 റൺസെടുത്ത ഭാനു പാനിയ ആണ് ടോപ് സ്കോററായത്.
51 പന്തിൽ അഞ്ച് ഫോറും 15 സിക്സറുകളും സഹിതം 134 റൺസെടുത്ത പാനിയ പുറത്താകാതെ നിന്നു. ശിവലിക് ശർമ 17 പന്തിൽ 55, അഭിമന്യു സിങ് രാജ്പുട്ട് 17 പന്തിൽ 53, വിഷ്ണു സൊളാങ്കി 16 പന്തിൽ 50, ശശാവത്ത് റാവത്ത് 16 പന്തിൽ 43 എന്നിങ്ങനെയായിരുന്നു ബറോഡ നിരയിലെ മറ്റ് സ്കോറുകൾ.
മത്സരത്തിൽ ബറോഡ താരങ്ങൾ അടിച്ചുകൂട്ടിയത് 37 സിക്സുകളാണ്. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്നിംഗ്സിൽ ഇത്രയധികം സിക്സറുകൾ പിറക്കുന്നത്. ഗാംബിയയ്ക്കെതിരെ സിംബാബ്‍വെ ക്രിക്കറ്റ് നേടിയ 27 സിക്സറുകളാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോർഡ്.