ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദളപതി 69’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമക്കുള്ളത്. സിനിമ സംബന്ധിച്ച് വിജയ് ആരാധകർക്ക് ഏറെ ആവേശം നൽകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

2025 ജനുവരി ഒന്നിന് വിജയ് ആരാധകർക്കുള്ള പുതുവത്സര സമ്മാനമായി ദളപതി 69ന്റെ ഒഫിഷ്യൽ ടൈറ്റിൽ പുറത്തുവിടുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അതേ ദിനത്തിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.

അതേസമയം ദളപതി 69 ന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് ഫാർസ് സ്വന്തമാക്കിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 78 കോടിക്കാണ് സിനിമയുടെ അവകാശം വിറ്റുപോയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇത്.

വിജയ് ചിത്രം ലിയോയെ മറികടന്നാണ് സിനിമ ഈ നേട്ടം കൈവരിച്ചത്.2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *