ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് ഭരണഘടനാഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. തൊട്ടുപിന്നാലെ ബില്‍ പരിശോധനയ്ക്കായി സംയുക്ത പാര്‍ലമന്ററിസമിതിക്ക് വിടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്രനിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ചര്‍ച്ചകള്‍ക്കായി വിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍ദേശിച്ചിട്ടുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയുണ്ടായ പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെയാണ് അമിത് ഷായുടെ പ്രസ്താവന. ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനെ 269 പേര്‍ പേര്‍ അനുകൂലിച്ചപ്പോള്‍ 198 പേര്‍ എതിര്‍ത്തു..

ബില്‍ മന്ത്രിസഭയുടെ പരിഗണനയില്‍ വന്നപ്പോള്‍, ബില്‍ കൂടുതല്‍ പാര്‍ലമെന്ററി പരിശോധനയ്ക്ക് അയക്കണമെന്നും സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അഭിപ്രായം’ ഷാ പറഞ്ഞു.

ബില്‍ ജെപിസിക്ക് കൈമാറാന്‍ നിയമമന്ത്രിയോട് നിര്‍ദേശിക്കുന്നു. ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും ജെപിസിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ പരിഗണിക്കുമ്പോള്‍ വീണ്ടും ചര്‍ച്ച ചെയ്യുമെന്നും അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളെല്ലാം ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ഇത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ചു.

തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായി നിയമങ്ങള്‍ കൊണ്ടുവരാം, ഈ ബില്ല് തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കാനുള്ള നടപടിയാണ്. അത് സമന്വയിപ്പിക്കപ്പെടും. ഈ ബില്ലിലൂടെ ഭരണഘടനയ്ക്ക് ഒരു പോറലുമേല്‍ക്കില്ല. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലേക്കുള്ള കടന്നുകയറ്റവുമല്ല’ നിയമമന്ത്രി മറുപടി നല്‍കി. ടി.ഡി.പിയടക്കം ബില്ലിനെ പിന്തുണച്ചു.

Leave a Reply

Your email address will not be published. Required fields are marked *