ഗായിക കെഎസ് ചിത്രയുടെ ജീവിതത്തിൽ നിന്ന് വിധി നിർദയം അടർത്തിയെടുത്ത പൂവാണ് കുഞ്ഞുനന്ദന. ചിത്രയുടെ എല്ലാമെല്ലാമായിരുന്ന മകൾ. അകാലത്തിൽ വേർപിരിഞ്ഞ മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് .ചിത്ര. മകളുടെ ഓർമച്ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക നോവു നിറയും കുറിപ്പ് പങ്കുവച്ചത്.
കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെന്നും എന്നാൽ വലിയ വേദനയിലൂടെ കടന്നു പോയവർക്ക് ഒരിക്കലും അങ്ങനെ തോന്നില്ലെന്നും ചിത്ര നൊമ്പരത്തോടെ കുറിച്ചു.
ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കിയ ശേഷം അനന്തമായ മറ്റൊരു ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
കൂടാതെ കാലം എല്ലാ വേദനകൾക്കും രോഗശാന്തിയേകുമെന്നും അവർ പറയുന്നു. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്നു ബോധ്യമാകും. മുറിവ് ഇപ്പോഴും പരുക്കനായതും വേദനാജനകവുമാണ്. മിസ് യു നന്ദന’.മകളുടെ എല്ലാ പിറന്നാളിലും ഓർമ ദിനത്തിലും സമാനമായ രീതിയിൽ ചിത്ര കണ്ണീർ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്.
ആ നൊമ്പരക്കുറിപ്പ് ആരാധകരെയും വേദനിപ്പിക്കാറുണ്ട്. മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെക്കുറിച്ച് മുൻപ് ചിത്ര മാധ്യമങ്ങളിലൂടെ ചിത്ര വെളിപ്പെടുത്തിയിട്ടുമുണ്ട്.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്.
എന്നാൽ ഇരുവരുടെയും സന്തോഷങ്ങളും ആഘോഷങ്ങൾക്കും അധികനാൾ ആയുസുണ്ടായിരുന്നില്ല. 2011ല് ദുബായിലെ വില്ലയിൽ നീന്തൽകുളത്തിൽ വീണ് ഒമ്പത് വയസ്സുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.