കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതി തന്നെ ചെയ്താണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോട്ടയം സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യൂ സ്കറിയ എന്നിവരെ വെടിവച്ചു കൊന്നുവെന്നാണ് കേസ്.

ഒന്നരവർഷം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം ,അതിക്രമിച്ചു കടക്കൽ,ആയുധം ദുരുപയോഗം ചെയ്യൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്രതി ചെയ്തതാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.

വിചാരണ വേളയിൽ അമ്മയും ബന്ധുക്കളും അടക്കമുള്ള സാക്ഷികൾ കൂറുമാറിയിരുന്നു. എന്നാൽ പ്രധാന സാക്ഷികൾ മൊഴിയിൽ ഉറച്ചു നിന്നതോടെയാണ് കുറ്റം തെളിഞ്ഞത്.

കൂടാതെ കൊലപാതകത്തിന് മുൻപു പ്രതി അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും നിർണായക വഴിത്തിരിവായി.2023 ഏപ്രിൽ 24ന് ആരംഭിച്ച വിചാരണ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായത്.
2022 മാർച്ച് 7നായിരുന്നുകേസിന് ആസ്പദമായ സംഭവം നടന്നത്.

സ്വത്തുതർക്കത്തെത്തുടർന്നു കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനെയും മാതൃ സഹോദരനായ മാത്യു സ്കറിയയെയും വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. രഞ്ജു സംഭവസ്ഥലത്തും മാത്യു സ്ക‌റിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *