ഏതാനും നാളുകൾക്ക് മുൻപായിരുന്നു നടി കീർത്തി സുരേഷിന്റെ വിവാഹം. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ ആന്‍റണി തട്ടിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ശേഷമുള്ള താരത്തിന്റെ വിശേഷവുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഈ അവസരത്തിൽ കീർത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ് പങ്കിട്ട പോസ്റ്റ് ശ്രദ്ധനേടുകയാണ്.

എന്‍റെ മകൾ വിവാഹിതയായി. അവളുടെ ജീവിതത്തിലെ സ്നേഹത്തെ അവൾ തന്നെ കണ്ടെത്തിയതിൽ ഞാൻ സന്തോഷവതിയാണ്. പ്രിയ ആന്‍റണിക്കും കീർത്തിക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം നേരുന്നു’, എന്നാണ് മേനക സോഷ്യൽ മീഡിയയിൽ കുറിച്ചത്. പിന്നാലെ നിരവധി പേർ ആശംസയുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.

ഡിസംബർ 12ന് ആയിരുന്നു ആന്റണിയുടേയും കീർത്തിയുടെയും വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലുമാണ് വിവാഹം നടന്നത്. ഇതിന്റെ ഫോട്ടോകളും മേനക പങ്കിട്ടിട്ടുണ്ട്.

നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ സ്ഥീരികരണം നല്‍കിയിരുന്നില്ല.

പിന്നാലെ നവംബര്‍ 27ന് പ്രണയം പൂവണിയാന്‍ പോകുന്നുവെന്ന വിവരം കീര്‍ത്തി സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു. പതിനഞ്ച് വര്‍ഷമായി ആന്‍റണിയും കീര്‍ത്തിയും തമ്മിലുള്ള ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. കൊച്ചി സ്വദേശിയാണ് ആന്‍റണി തട്ടില്‍. ബിസിനസുകാരനാണ്. കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി, ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്.

ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ആളാണ് കീർത്തി സുരേഷ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ കീർത്തി മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ചുവടുറപ്പിച്ചു. നിലവിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് കീർത്തി. ബേബി ജോൺ എന്ന ഈ ചിത്രത്തിൽ വരുൺ ധവാൻ ആണ് നായകൻ.

Leave a Reply

Your email address will not be published. Required fields are marked *