ബോളിവുഡ് നടൻ വരുൺ ധവാനും നടി കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ബേബി ജോൺ’. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച് കീർത്തി സുരേഷ് വരുൺ ധവാനെ മലയാളം പറയാൻ പഠിപ്പിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.ഐ ലവ് യു’ എന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും പറയാനാണ് കീർത്തി നടനെ പഠിപ്പിക്കുന്നത്.

തമിഴിൽ നിഷ്പ്രയാസം പറഞ്ഞ വരുൺ ധവാന്റെ നാക്ക് ഉളുക്കുന്നത് മലയാളത്തിൽ എനിക്ക് നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടമാണെന്ന് പറയുമ്പോഴാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ ആയിരുന്ന കടൽ തീരത്ത് വെച്ചാണ് നടി നടനെ പഠിപ്പിക്കുന്നത്.

കന്നടയിൽ ഇഷ്ടമാണെന്ന് പറയാൻ തനിക്കറിയില്ലെന്നും ആദ്യം താൻ പഠിച്ചിട്ട് വരുണിനെ പഠിപ്പിക്കുമെന്നും കീർത്തി പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്‌വരുൺ ധവാനെ നായകനാക്കി സംവിധായകൻ കാലീസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ബേബി ജോൺ’. അറ്റ്ലീ സംവിധാനം ചെയ്ത് വിജയ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷൻ ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് ബേബി ജോൺ.

ഡിസംബർ 25 ന് ‘ബേബി ജോൺ’ തിയേറ്ററിലെത്തും. സിനിമയുടെ രണ്ടാമത്തെ ഗാനം നേരത്തെ പുറത്തിറക്കിയിരുന്നു. മലയാളത്തെ മോശമായി ഉപയോഗിച്ചതിന് നിരവധി ട്രോളുകളാണ് ഗാനം ഏറ്റുവാങ്ങിയത്. കേരളത്തിന്റെ പശ്ചാത്തലത്തിൽ സെറ്റ്ചെയ്ത ഗാനത്തിൽ ഹിന്ദിക്കൊപ്പം മലയാളം വരികളും കടന്നുവരുന്നുണ്ട്. ‘കുട്ടനാടൻ പുഞ്ചയിലെ…’ എന്ന് തുടങ്ങിയ മലയാളം ഭാഗം ഗാനത്തിൽ ഉടനീളം വരുന്നുണ്ട്.

എന്നാൽ വളരെ മോശമായിട്ടാണ് ഗാനത്തിൽ മലയാള ഭാഷയെ അവതരിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്. മലയാളം വരികൾ പാടാനായി എന്തുകൊണ്ട് മലയാളി ഗായകരെ ഉപയോഗിക്കുന്നില്ലെന്നും മലയാള ഭാഷയെ ഇങ്ങനെ നശിപ്പിക്കരുതെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്.

ജിയോ സ്റ്റുഡിയോ, സിനി 1 സ്റ്റുഡിയോ, ആപ്പിൾ പ്രൊഡക്ഷൻസിന് കീഴിൽ അറ്റ്ലി, മുറാദ് ഖേതാനി, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സുമിത് അറോറയാണ് ചിത്രത്തിന്റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്. കീർത്തി സുരേഷ്, വാമിക ഗബ്ബി, ജാക്കി ഷ്‌റോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *